
കൊച്ചി: ബലാത്സംഗ കേസിൽ പ്രതിയായ റാപ്പർ വേടൻ എന്ന ഹിരൺദാസ് മുരളിക്ക് ഹൈക്കോടതി ഉപാധികളോടെ മുൻകൂർ ജാമ്യം അനുവദിച്ചു. സെപ്റ്റംബർ ഒമ്പതിന് അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകാൻ കോടതി നിർദേശിച്ചിട്ടുണ്ട്. അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകുമ്പോൾ അറസ്റ്റ് രേഖപ്പെടുത്തിയാൽ ജാമ്യത്തിൽ വിട്ടയക്കണമെന്നും കോടതി ഉത്തരവിൽ പറയുന്നു. തൃക്കാക്കര പോലീസാണ് വേടനെതിരെ കേസ് രജിസ്റ്റർ ചെയ്തത്. യുവഡോക്ടറാണ് വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചുവെന്ന് കാട്ടി പരാതി നൽകിയത്.
കേസെടുത്തതിന് പിന്നാലെ ഒളിവിൽപ്പോയ വേടൻ, തങ്ങൾക്കിടയിൽ ഉണ്ടായിരുന്നത് ഉഭയസമ്മതപ്രകാരമുള്ള ബന്ധമാണെന്നും പിന്നീട് അഭിപ്രായ വ്യത്യാസമുണ്ടായപ്പോൾ അതിനെ ബലാത്സംഗമായി ചിത്രീകരിക്കുകയായിരുന്നുവെന്നും കോടതിയിൽ വാദിച്ചു. എന്നാൽ, വിവാഹവാഗ്ദാനം നൽകി വേടൻ പീഡിപ്പിച്ചെന്നും ഒരു സുപ്രഭാതത്തിൽ ബന്ധം ഉപേക്ഷിച്ചുപോയത് തന്നെ മാനസികമായി തളർത്തിയെന്നും യുവതിയുടെ പരാതിയിൽ പറയുന്നു. സംഭവത്തെ തുടർന്ന് ഏറെക്കാലം ചികിത്സ തേടേണ്ടി വന്നുവെന്നും അതിനുശേഷമാണ് സാധാരണ ജീവിതത്തിലേക്ക് മടങ്ങിവരാൻ സാധിച്ചതെന്നും പരാതിക്കാരി കോടതിയെ അറിയിച്ചു.