
അഹമ്മദാബാദ്: അമേരിക്കയുടെ വർധിപ്പിച്ച ഇറക്കുമതി തീരുവ നിലവിൽ വരാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, രാജ്യത്ത് ‘സ്വദേശി’ ഉൽപ്പന്നങ്ങൾക്ക് പ്രാമുഖ്യം നൽകണമെന്ന ശക്തമായ ആഹ്വാനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. കർഷകരുടെയും ചെറുകിട വ്യവസായികളുടെയും താൽപ്പര്യങ്ങളിൽ ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലെന്നും, എന്ത് സമ്മർദ്ദമുണ്ടായാലും രാജ്യം അതിനെ അതിജീവിക്കുമെന്നും അദ്ദേഹം അഹമ്മദാബാദിൽ നടന്ന ചടങ്ങിൽ പ്രഖ്യാപിച്ചു.
വരാനിരിക്കുന്ന ഉത്സവകാലം സ്വാശ്രയത്വത്തിന്റെ ആഘോഷമാക്കി മാറ്റണമെന്ന് പ്രധാനമന്ത്രി ആവശ്യപ്പെട്ടു. “നവരാത്രി, ദീപാവലി തുടങ്ങിയ ആഘോഷങ്ങൾ നമ്മുടെ സംസ്കാരത്തിന്റെ ഭാഗമാണ്. അത് സ്വാശ്രയത്വത്തിന്റെ കൂടി ആഘോഷമാകണം. അതിനാൽ, നാം വാങ്ങുന്നതെന്തും ‘മെയ്ഡ് ഇൻ ഇന്ത്യ’ ആയിരിക്കണം എന്ന മന്ത്രം ജീവിതത്തിൽ സ്വീകരിക്കണം,” അദ്ദേഹം പറഞ്ഞു.
ഇന്ത്യൻ നിർമ്മിത അലങ്കാര വസ്തുക്കളും സമ്മാനങ്ങളും തിരഞ്ഞെടുക്കാൻ പൗരന്മാരോട് അഭ്യർത്ഥിച്ച പ്രധാനമന്ത്രി, വിദേശ ഉൽപ്പന്നങ്ങൾ വിൽക്കുന്നതിൽ നിന്ന് വിട്ടുനിൽക്കാൻ വ്യാപാരികളോടും ആവശ്യപ്പെട്ടു. കടകൾക്ക് പുറത്ത് ‘സ്വദേശി ഉൽപ്പന്നങ്ങൾ മാത്രം’ എന്ന ബോർഡ് സ്ഥാപിക്കണമെന്നും അദ്ദേഹം നിർദ്ദേശിച്ചു. ഗുണമേന്മ വർധിപ്പിച്ച് വില കുറയ്ക്കുന്നതിലൂടെ ‘വികസിത ഭാരതം’ എന്ന ലക്ഷ്യത്തിലേക്കുള്ള പാത സുഗമമാക്കാമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു