
മഹീന്ദ്രയുടെ പുതിയ ഇലക്ട്രിക് എസ്‌യുവിയായ BE.6-ന്റെ ബാറ്റ്മാൻ എഡിഷൻ വിപണിയിൽ തരംഗമായി. ബുക്കിംഗ് ആരംഭിച്ച് വെറും 135 സെക്കൻഡിനുള്ളിൽ ലിമിറ്റഡ് എഡിഷന്റെ 999 യൂണിറ്റുകളും വിറ്റുതീർന്നതായി മഹീന്ദ്ര അറിയിച്ചു. വാഹനപ്രേമികൾക്കിടയിൽ ഈ സ്പെഷ്യൽ എഡിഷന് ലഭിച്ച വൻ സ്വീകാര്യതയാണ് ഇത് കാണിക്കുന്നത്.
രാവിലെ 11 മണിക്ക് ബുക്കിംഗ് ആരംഭിച്ച ഉടൻതന്നെയാണ് റെക്കോർഡ് വിൽപ്പന നടന്നത്. ആദ്യം 300 യൂണിറ്റുകൾ മാത്രമാണ് ബാറ്റ്മാൻ എഡിഷനായി പുറത്തിറക്കാൻ തീരുമാനിച്ചിരുന്നത്. എന്നാൽ, ഉപഭോക്താക്കളിൽ നിന്നുള്ള അഭൂതപൂർവമായ പ്രതികരണം കണക്കിലെടുത്ത് കമ്പനി ഇത് 999 യൂണിറ്റായി ഉയർത്തുകയായിരുന്നു.
ക്രിസ്റ്റഫർ നോളന്റെ ‘ദി ഡാർക്ക് നൈറ്റ്’ സിനിമയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഈ വാഹനം ഡിസൈൻ ചെയ്തിരിക്കുന്നത്. വാഹനത്തിന് പുറത്തും അകത്തും ബാറ്റ്മാൻ തീം ദൃശ്യമാണ്. സാറ്റിൻ ബ്ലാക്ക് നിറം, ബാറ്റ്മാൻ ഡെക്കലുകൾ, 20 ഇഞ്ച് അലോയ് വീലുകൾ, ഗോൾഡൻ നിറത്തിലുള്ള സസ്പെൻഷൻ, ബ്രേക്ക് കാലിപ്പറുകൾ എന്നിവയാണ് പ്രധാന ആകർഷണങ്ങൾ. ഉള്ളിൽ സ്വർണ്ണ നിറത്തിലുള്ള സ്റ്റിച്ചിംഗോടുകൂടിയ സ്യൂഡ്-ലെതർ അപ്ഹോൾസ്റ്ററി, ബാറ്റ്മാൻ ലോഗോ, ഓരോ വാഹനത്തിനും പ്രത്യേക നമ്പറോടുകൂടിയ പ്ലേക്കും നൽകിയിട്ടുണ്ട്.
ടോപ്പ്-സ്പെക്ക് പാക്ക് ത്രീ വേരിയന്റിനെ അടിസ്ഥാനമാക്കിയുള്ള ഈ മോഡലിന് 27.79 ലക്ഷം രൂപയാണ് എക്സ്-ഷോറൂം വില. സാധാരണ മോഡലിനേക്കാൾ ഏകദേശം 89,000 രൂപ കൂടുതലാണിത്. 79kWh ബാറ്ററി പാക്ക് ഉപയോഗിക്കുന്ന വാഹനത്തിന് ഒറ്റ ചാർജിൽ 682 കിലോമീറ്റർ വരെ സഞ്ചരിക്കാൻ കഴിയുമെന്ന് കമ്പനി അവകാശപ്പെടുന്നു. സെപ്റ്റംബർ 20, അന്താരാഷ്ട്ര ബാറ്റ്മാൻ ദിനത്തിൽ വാഹനത്തിന്റെ വിതരണം ആരംഭിക്കും.