
വാഷിംഗ്ടൺ: ഉത്തര കൊറിയൻ നേതാവ് കിം ജോങ് ഉന്നുമായി ഈ വർഷം തന്നെ വീണ്ടും കൂടിക്കാഴ്ച നടത്താൻ ആഗ്രഹമുണ്ടെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. വൈറ്റ് ഹൗസിൽ ദക്ഷിണ കൊറിയൻ പ്രസിഡന്റ് ലീ ചെ മ്യങ്ങുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ട്രംപ് ഈ താൽപ്പര്യം പ്രകടിപ്പിച്ചത്. കിം ജോങ് ഉന്നുമായി തനിക്ക് വളരെ നല്ല ബന്ധമാണുള്ളതെന്നും മുൻപ് നടത്തിയ ചർച്ചകൾ കൊറിയൻ ഉപദ്വീപിൽ സമാധാനം നിലനിർത്താൻ സഹായിച്ചുവെന്നും ട്രംപ് കൂട്ടിച്ചേർത്തു.
ട്രംപിന്റെ സമാധാന ശ്രമങ്ങൾക്ക് ലീ ചെ മ്യങ് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചു. കൊറിയൻ ഉപദ്വീപിൽ സമാധാനം കൊണ്ടുവരാൻ ട്രംപിന് സാധിക്കുമെന്നും, ലോകത്തിലെ ഏക വിഭജിത രാഷ്ട്രമായ കൊറിയയിൽ സമാധാനം സ്ഥാപിക്കുന്ന ചരിത്രപുരുഷനായി ട്രംപ് മാറണമെന്നും ലീ ചെ മ്യങ് അഭ്യർത്ഥിച്ചു. ഉത്തര കൊറിയയിൽ ഒരു “ട്രംപ് വേൾഡ്” റിയൽ എസ്റ്റേറ്റ് സമുച്ചയം നിർമ്മിക്കണമെന്നും അവിടെ തനിക്ക് ഗോൾഫ് കളിക്കാൻ അവസരമുണ്ടാകണമെന്നും അദ്ദേഹം തമാശരൂപേണ പറഞ്ഞു.
വാണിജ്യം, പ്രതിരോധം, ആണവനയം തുടങ്ങിയ വിഷയങ്ങൾ ഇരുവരും ചർച്ച ചെയ്തു. ദക്ഷിണ കൊറിയയുമായി കൂടുതൽ വ്യാപാര ചർച്ചകൾക്ക് തയ്യാറാണെന്ന് ട്രംപ് വ്യക്തമാക്കി. അമേരിക്കൻ കപ്പൽ നിർമ്മാണ മേഖലയെ പുനരുജ്ജീവിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള ‘മേക്ക് അമേരിക്ക ഷിപ്പ് ബിൽഡിംഗ് ഗ്രേറ്റ് എഗെയ്ൻ’ എന്ന പേരിൽ 150 ബില്യൺ ഡോളറിന്റെ നിക്ഷേപ പദ്ധതി ദക്ഷിണ കൊറിയ മുന്നോട്ടുവെച്ചു. ഇതിനുപുറമെ, ദക്ഷിണ കൊറിയയുടെ ദേശീയ വിമാനക്കമ്പനിയായ കൊറിയൻ എയർ നൂറോളം ബോയിങ് വിമാനങ്ങൾ വാങ്ങാനുള്ള ഓർഡർ നൽകുമെന്നും റിപ്പോർട്ടുകളുണ്ട്.
ട്രംപുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷം ലീ ചെ മ്യങ്, യുഎസ് ഭരണകൂടത്തിലെ ഉന്നത ഉദ്യോഗസ്ഥരുമായും ഇരുപതിലധികം പ്രമുഖ യുഎസ് കമ്പനികളുടെ പ്രതിനിധികളുമായും ചർച്ചകൾ നടത്തി.