തിരുവനന്തപുരത്ത് ‘സഞ്ജു സംഹാരം’; കെസിഎല്ലിൽ വെടിക്കെട്ട് സെഞ്ചുറിയുമായി മലയാളി താരം

തിരുവനന്തപുരം: ശനിയാഴ്ചത്തെ മെല്ലെപ്പോക്കിന് 24 മണിക്കൂറിനകം പ്രായശ്ചിത്തം ചെയ്ത് സഞ്ജു സാംസൺ. കേരള ക്രിക്കറ്റ് ലീഗിൽ (കെസിഎൽ) കൊച്ചി ബ്ലൂ ടൈഗേഴ്സിന് വേണ്ടി ഓപ്പണറായി ഇറങ്ങി തകർപ്പൻ സെഞ്ചുറിയാണ് സഞ്ജു നേടിയത്. ഏഷ്യാ കപ്പിന് തയ്യാറെടുക്കുന്ന ഇന്ത്യൻ ടീമിന്റെ ഓപ്പണർ സ്ഥാനത്തേക്ക് താനൊരു ശക്തമായ അവകാശിയാണെന്ന് ബിസിസിഐക്ക് വ്യക്തമായ സന്ദേശം നൽകുന്നതായിരുന്നു തിരുവനന്തപുരത്ത് കണ്ട ഈ ഇന്നിങ്സ്.

കഴിഞ്ഞ ദിവസം ആറാം നമ്പറിൽ ബാറ്റിംഗിനിറങ്ങി 22 പന്തിൽ 13 റൺസ് മാത്രം നേടി നിരാശപ്പെടുത്തിയ സഞ്ജുവിൽ നിന്നുള്ള അത്ഭുതകരമായ മാറ്റത്തിനാണ് കൊല്ലം സെയിലേഴ്സിനെതിരായ മത്സരത്തിൽ കാണികൾ സാക്ഷ്യം വഹിച്ചത്. കൊല്ലം ഉയർത്തിയ 237 റൺസിന്റെ കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന കൊച്ചിക്കായി ഇന്നിങ്സ് ഓപ്പൺ ചെയ്ത സഞ്ജു, ആദ്യ പന്ത് മുതൽ ബൗളർമാരെ തലങ്ങും വിലങ്ങും പായിച്ചു.

വെറും 16 പന്തിൽ കെസിഎല്ലിലെ ഏറ്റവും വേഗതയേറിയ അർധസെഞ്ചുറി കുറിച്ച താരം, പവർപ്ലേ അവസാനിക്കുമ്പോൾ തന്നെ ടീം സ്കോർ 100 കടത്തിയിരുന്നു. തുടർന്നും തകർത്തടിച്ച സഞ്ജു 42 പന്തിൽ സെഞ്ചുറി തികച്ചു. 7 സിക്സറുകളും 14 ബൗണ്ടറികളും ഉൾപ്പെട്ടതായിരുന്നു ആ തീപ്പൊരി ഇന്നിങ്സ്. ടീം സ്കോർ 205-ൽ നിൽക്കെ പുറത്തായെങ്കിലും, അവസാന പന്തിൽ സിക്സർ പറത്തി മുഹമ്മദ് ആഷിക് കൊച്ചിയെ ആവേശകരമായ വിജയത്തിലെത്തിച്ചു. സ്വന്തം നാടായ തിരുവനന്തപുരത്ത് വെച്ച് സഞ്ജു കാഴ്ചവെച്ച ഈ പ്രകടനം ആരാധകർക്കും വലിയ ആവേശമായി.

Leave a Reply

error: Content is protected !!

Discover more from Indilipi

Subscribe now to keep reading and get access to the full archive.

Continue reading