ആരെയും സംരക്ഷിക്കില്ല; മുഖം നോക്കാതെ നടപടിയെടുക്കുമെന്ന് സതീശൻ

രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്ക് എതിരായി ഉയർന്ന പരാതികളിൽ ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലെന്നും, മുഖം നോക്കാതെ തന്നെ നടപടിയുണ്ടാകുമെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ വ്യക്തമാക്കി. ഈ വിഷയം പാർട്ടി വളരെ ഗൗരവമായാണ് കാണുന്നത്. പരാതി ഉയർന്ന ഉടൻ തന്നെ, 24 മണിക്കൂറിനകം രാഹുൽ യൂത്ത് കോൺഗ്രസ്സ് അദ്ധ്യക്ഷ സ്ഥാനം രാജിവെച്ചത് ഇതിന്റെ ആദ്യപടിയാണെന്നും അദ്ദേഹം കൊച്ചിയിൽ മാധ്യമങ്ങളോട് പറഞ്ഞു.

“ഞങ്ങൾ ആരെയും സംരക്ഷിക്കില്ല”

ഈ വിഷയത്തിൽ താൻ ആരെയും സംരക്ഷിക്കാൻ ശ്രമിച്ചിട്ടില്ലെന്നും, പാർട്ടിയുടെ സ്വന്തം സംവിധാനങ്ങൾ ഉപയോഗിച്ച് തുടർ അന്വേഷണം നടത്തുമെന്നും സതീശൻ ഉറപ്പുനൽകി. “രാഹുലിന്റെ വിഷയത്തിൽ എൻ്റെ വീട്ടിലേക്കാണ് മാർച്ച് നടത്തുന്നത്. സത്യത്തിൽ ഈ മാർച്ച് നടത്തേണ്ടത് ക്ലിഫ് ഹൗസിലേക്കാണ്. കാരണം, ഏറ്റവും കൂടുതൽ ആരോപണങ്ങൾ നേരിടുന്നവരെ സംരക്ഷിക്കുന്നത് മുഖ്യമന്ത്രിയാണ്,” സതീശൻ കൂട്ടിച്ചേർത്തു.

സിപിഎമ്മിനെയും ബിജെപിയെയും പ്രതിപക്ഷ നേതാവ് രൂക്ഷമായി വിമർശിച്ചു. സിപിഎമ്മിന്റെയും ബിജെപിയുടെയും നിലപാട് നോക്കിയല്ല കോൺഗ്രസ് തീരുമാനമെടുക്കുന്നത്. കോൺഗ്രസിന് അതിന്റേതായ നിലപാടുകളുണ്ട്. സമൂഹമാധ്യമങ്ങളിലൂടെ സ്ത്രീകളെ അപമാനിക്കുന്നവർക്കെതിരെ പാർട്ടി നടപടിയെടുക്കും. ആരോപണ വിധേയന് പറയാനുള്ളത് കേൾക്കുമെന്നും, രാഹുൽ നിരപരാധിയാണെങ്കിൽ അത് തെളിയിക്കാൻ അവസരം നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

രാഹുലിന്റെ വിഷയത്തിൽ വി.കെ. ശ്രീകണ്ഠൻ എംപിയുടെ പ്രസ്താവന ശരിയായില്ലെന്നും വി.ഡി. സതീശൻ പറഞ്ഞു.

Leave a Reply

error: Content is protected !!

Discover more from Indilipi

Subscribe now to keep reading and get access to the full archive.

Continue reading