ഇന്ത്യൻ നിരത്തുകൾ കീഴടക്കി ബിഎംഡബ്ല്യു ഇലക്ട്രിക് കാറുകൾ; വിറ്റഴിച്ചത് 5000 വാഹനങ്ങൾ

ഇന്ത്യൻ ആഡംബര വാഹന വിപണിയിൽ ഇലക്ട്രിക് കാറുകൾക്ക് ആവശ്യക്കാർ ഏറുന്നു എന്നതിന്റെ വ്യക്തമായ സൂചന നൽകി ജർമ്മൻ ഭീമന്മാരായ ബിഎംഡബ്ല്യു. രാജ്യത്ത് 5,000 ഇലക്ട്രിക് വാഹനങ്ങൾ വിറ്റഴിക്കുന്ന ആദ്യത്തെ ആഡംബര കാർ നിർമ്മാതാക്കളായി ബിഎംഡബ്ല്യു ഗ്രൂപ്പ് ഇന്ത്യ മാറി. പ്രീമിയം ഇലക്ട്രിക് വാഹന വിപണിയിലെ ഒരു സുപ്രധാന നാഴികക്കല്ലായാണ് ഈ നേട്ടം വിലയിരുത്തപ്പെടുന്നത്.

കുതിച്ചുയർന്ന് വിൽപ്പന

2025-ന്റെ ആദ്യ പകുതിയിൽ മാത്രം 1,322 ഇലക്ട്രിക് വാഹനങ്ങളാണ് ബിഎംഡബ്ല്യുവും മിനിയും ചേർന്ന് ഇന്ത്യയിൽ വിറ്റത്. ഇത് കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 234 ശതമാനത്തിന്റെ വൻ കുതിച്ചുചാട്ടമാണ്. ബിഎംഡബ്ല്യു ഗ്രൂപ്പിന്റെ ഇന്ത്യയിലെ മൊത്തം വിൽപ്പനയുടെ 18 ശതമാനവും ഇപ്പോൾ ഇലക്ട്രിക് വാഹനങ്ങളാണ്. ബിഎംഡബ്ല്യു iX1 ലോംഗ് വീൽബേസാണ് വിൽപ്പനയിൽ മുന്നിൽ. തൊട്ടുപിന്നാലെ ഫ്ലാഗ്ഷിപ്പ് മോഡലായ ബിഎംഡബ്ല്യു i7-നും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

ചാർജ്ജിംഗ് ഇനി എളുപ്പം; 4000 കിലോമീറ്റർ ചാർജിംഗ് ഇടനാഴി

ഇലക്ട്രിക് വാഹനങ്ങൾ വാങ്ങുന്നതിൽ നിന്ന് പലരെയും പിന്നോട്ട് വലിക്കുന്ന പ്രധാന ഘടകം ചാർജ്ജിംഗ് സൗകര്യങ്ങളുടെ അഭാവമാണ്. ഈ പ്രശ്നത്തിന് ഒരു പരിഹാരവുമായാണ് ബിഎംഡബ്ല്യുവിന്റെ മുന്നേറ്റം. 5000 വാഹനങ്ങളുടെ വിൽപ്പന ആഘോഷിക്കുന്നതിന്റെ ഭാഗമായി, ജമ്മു മുതൽ മധുര വരെ നീളുന്ന 4,000 കിലോമീറ്റർ ഹൈ-പവർ ചാർജിംഗ് ഇടനാഴി കമ്പനി ഉദ്ഘാടനം ചെയ്തു.

പ്രധാന ദേശീയ പാതകളിലും ഡൽഹി, മുംബൈ, ബെംഗളൂരു, കോയമ്പത്തൂർ തുടങ്ങിയ പ്രധാന നഗരങ്ങളിലുമായി ഓരോ 300 കിലോമീറ്ററിലും ഫാസ്റ്റ് ചാർജിംഗ് സ്റ്റേഷനുകൾ ഈ ഇടനാഴിയുടെ ഭാഗമായി സ്ഥാപിച്ചിട്ടുണ്ട്. 120 kW മുതൽ 720 kW വരെ ശേഷിയുള്ള ഈ ചാർജിംഗ് സ്റ്റേഷനുകൾ ബിഎംഡബ്ല്യു ഉപഭോക്താക്കൾക്ക് മാത്രമല്ല, എല്ലാ ഇലക്ട്രിക് വാഹന ഉടമകൾക്കും ഉപയോഗിക്കാം. സ്റ്റാറ്റിക്, സിയോൺ തുടങ്ങിയ കമ്പനികളുമായി സഹകരിച്ചാണ് കഫേകൾക്കും റെസ്റ്റോറന്റുകൾക്കും സമീപം ഈ സൗകര്യം ഒരുക്കിയിരിക്കുന്നത്.

“5,000 ഇലക്ട്രിക് വാഹന ഡെലിവറികൾ എന്ന നാഴികക്കല്ല് പിന്നിടുന്ന ആദ്യത്തെ ആഡംബര കാർ നിർമ്മാതാക്കളാകാൻ കഴിഞ്ഞതിൽ ഞങ്ങൾ അഭിമാനിക്കുന്നു,” എന്ന് ബിഎംഡബ്ല്യു ഗ്രൂപ്പ് ഇന്ത്യ പ്രസിഡന്റും സിഇഒയുമായ വിക്രം പവ പറഞ്ഞു. ഈ നേട്ടം ഇ-മൊബിലിറ്റിയോടുള്ള തങ്ങളുടെ പ്രതിബദ്ധതയാണ് കാണിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Leave a Reply

error: Content is protected !!

Discover more from Indilipi

Subscribe now to keep reading and get access to the full archive.

Continue reading