
‘ദൃശ്യം’ ഒന്നും രണ്ടും കണ്ടിരുന്ന പ്രേക്ഷകരുടെ മനസ്സിൽ ഒരേയൊരു ചോദ്യമേയുള്ളൂ, ജോർജ്ജുകുട്ടി അടുത്തതായി എന്ത് ഒളിപ്പിക്കും? എന്നാൽ, മൂന്നാം ഭാഗത്തിനായി കാത്തിരിക്കുന്നവരോട് സംവിധായകൻ ജീതു ജോസഫിന് ഒന്നേ പറയാനുള്ളൂ – ‘ദൃശ്യം 3’ ഒരു ത്രില്ലർ സിനിമയായിരിക്കില്ല. മനോരമ ന്യൂസ് കോൺക്ലേവിൽ സംസാരിക്കുമ്പോഴാണ് അദ്ദേഹം ഈ അപ്രതീക്ഷിത വെളിപ്പെടുത്തൽ നടത്തിയത്.
‘ദൃശ്യം’ സിനിമയുടെ വൻ വിജയത്തിന് ശേഷം തന്നെ എല്ലാവരും ഒരു ത്രില്ലർ സിനിമകളുടെ സംവിധായകനായി മുദ്രകുത്തിയെന്ന് ജീതു ജോസഫ് പറയുന്നു. എന്നാൽ അത്തരമൊരു പേരിൽ ഒതുങ്ങിപ്പോകാൻ താൻ ആഗ്രഹിക്കുന്നില്ല. വ്യത്യസ്തമായ സിനിമകൾ ചെയ്യാനാണ് എപ്പോഴും ശ്രമിച്ചിട്ടുള്ളത്. ‘മമ്മി ആൻഡ് മി’, ‘മൈ ബോസ്’ പോലുള്ള സിനിമകൾക്ക് ശേഷമാണ് ‘ദൃശ്യം’ ചെയ്തത്. എന്നാൽ, ‘ദൃശ്യം’ ഹിറ്റായതോടെ എല്ലാവരും തന്നിൽ നിന്ന് ത്രില്ലറുകൾ മാത്രം പ്രതീക്ഷിക്കാൻ തുടങ്ങി.
“എന്റെ സിനിമകളിൽ മാത്രം എന്തിനാണ് ആളുകൾ ഇത്രയധികം ലോജിക് തിരയുന്നത്?” ജീതു ജോസഫ് ചോദിക്കുന്നു. “ദൃശ്യം 3 എഴുതുമ്പോൾ, അതിലെ കാര്യങ്ങൾ വിശ്വസനീയമാക്കാൻ വേണ്ടി മാത്രം 10 പേജ് അധികമായി എഴുതേണ്ടി വന്നു.”
‘ദൃശ്യം 2’ കഴിഞ്ഞപ്പോൾ മൂന്നാം ഭാഗത്തെക്കുറിച്ച് ആലോചിച്ചിരുന്നില്ല. എന്നാൽ, ലാലേട്ടനുമായി സംസാരിച്ചിരുന്നപ്പോൾ മൂന്നാം ഭാഗം വന്നാൽ എങ്ങനെയായിരിക്കണം അവസാനിക്കേണ്ടത് എന്നൊരു ആശയം മനസ്സിൽ വന്നു. ആ ആശയത്തിൽ നിന്നാണ് ‘ദൃശ്യം 3’യുടെ കഥയുണ്ടായത്. പണത്തിന് വേണ്ടി മാത്രമായിരുന്നെങ്കിൽ എളുപ്പത്തിൽ ഒരു ത്രില്ലർ ചെയ്യാമായിരുന്നു. എന്നാൽ ജോർജ്ജുകുട്ടിയുടെയും കുടുംബത്തിന്റെയും കഥ സ്വാഭാവികമായി എങ്ങനെ മുന്നോട്ട് പോകണമോ, അതാണ് മൂന്നാം ഭാഗത്തിൽ പറയാൻ ശ്രമിക്കുന്നത്. അതിൽ ചിലപ്പോൾ പ്രേക്ഷകർ പ്രതീക്ഷിക്കുന്ന ത്രില്ലർ ഘടകങ്ങൾ കുറവായിരിക്കാം.
ഒരേപോലുള്ള സിനിമകൾ ചെയ്ത് തനിക്ക് മടുത്തു തുടങ്ങിയെന്നും, അതുകൊണ്ട് പരാജയപ്പെട്ടാലും പുതിയ വഴികൾ പരീക്ഷിക്കാനാണ് തീരുമാനമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതുകൊണ്ട്, ‘ദൃശ്യം 3’ കാണാൻ ടിക്കറ്റെടുക്കുമ്പോൾ, ഞെട്ടിക്കുന്ന ട്വിസ്റ്റുകൾക്ക് പകരം ജോർജ്ജുകുട്ടിയുടെ കുടുംബത്തിന്റെ വൈകാരികമായ യാത്ര കാണാനാകും ഒരുങ്ങേണ്ടത്.