
ഓണം എന്ന് കേൾക്കുമ്പോൾ തന്നെ ഏതൊരു മലയാളിയുടെയും മനസ്സിലേക്ക് ഓടിയെത്തുന്നത് തൂശനിലയിൽ വിളമ്പിയ വിഭവസമൃദ്ധമായ സദ്യയാണ്. പായസവും പപ്പടവും കൂട്ടിയുള്ള ഈ ആഘോഷം ഒരു നേരത്തെ ഭക്ഷണം എന്നതിലുപരി ഒരു അനുഭവമാണ്. എന്നാൽ ഈ സ്വാദൂറും വിഭവങ്ങൾ കഴിക്കുമ്പോൾ നമ്മുടെ ശരീരത്തിൽ എത്രത്തോളം കാലറിയാണ് എത്തുന്നതെന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ?
ശരീരത്തിന്റെ ദൈനംദിന പ്രവർത്തനങ്ങൾക്ക് ഊർജ്ജം ആവശ്യമാണ്. ഈ ഊർജ്ജത്തെയാണ് കാലറി എന്ന് പറയുന്നത്. കേരളത്തിലെ ഒരു ശരാശരി പുരുഷന് 1800-2000 കിലോ കാലറിയും സ്ത്രീക്ക് ഏകദേശം 1800 കിലോ കാലറിയുമാണ് ഒരു ദിവസം ആവശ്യം. എന്നാൽ വിഭവസമൃദ്ധമായ ഒരു ഓണസദ്യ കഴിക്കുമ്പോൾ തന്നെ ഒരു ദിവസത്തേക്ക് വേണ്ടതിലും അധികം കാലറി ശരീരത്തിലെത്താൻ സാധ്യതയുണ്ട്.
സദ്യയിലെ ഓരോ വിഭവവും എത്ര കാലറി?
ഒരു പിടിയങ്ങ് സദ്യ കഴിക്കുമ്പോൾ നമ്മുടെ ഉള്ളിലെത്തുന്ന കാലറിയുടെ ഏകദേശ കണക്ക് താഴെ നൽകുന്നു :
- ചോറ് ( ഒന്നര കപ്പ് കുത്തരി): 260 kcal
- കൂട്ടുകറി (2 ടേബിൾ സ്പൂൺ): 100 kcal
- ഉപ്പേരി (4 എണ്ണം): 50 kcal
- ശർക്കരവരട്ടി (4 എണ്ണം): 100 kcal
- പപ്പടം (2 എണ്ണം): 120 kcal
- പഴം (ചെറുത്): 50 kcal
- അവിയൽ (1 കപ്പ്): 150 kcal
- ഓലൻ (2 ടേബിൾ സ്പൂൺ): 80 kcal
- തോരൻ (3 ടേബിൾ സ്പൂൺ): 70 kcal
- ഇഞ്ചിക്കറി (1 ടേബിൾ സ്പൂൺ): 70 kcal
- പച്ചടി (1 ടേബിൾ സ്പൂൺ): 60 kcal
- കിച്ചടി (2 ടേബിൾ സ്പൂൺ): 50 kcal
- കാളൻ (അര കപ്പ്): 40 kcal
- അച്ചാർ (1 ടീസ്പൂൺ): 20 kcal
- പരിപ്പ് കറി (1 കപ്പ്): 60 kcal
- നെയ്യ് (1 ടീസ്പൂൺ): 45 kcal
- സാമ്പാർ (1 കപ്പ്): 60 kcal
- രസം (1 കപ്പ്): 30 kcal
- പാലട പ്രഥമൻ (1 കപ്പ്): 200 kcal
- അട പ്രഥമൻ (1 കപ്പ്): 220 kcal
- മോര് (1 ഗ്ലാസ്): 35 kcal
ഈ കണക്കുകൾ പ്രകാരം, രണ്ട് തരം പായസവും കൂട്ടി ഒരു ഗംഭീര സദ്യ കഴിക്കുന്ന ഒരാളുടെ ശരീരത്തിൽ ഏകദേശം 1800 മുതൽ 2500 വരെ കിലോ കാലറി എത്താം. ഇത് ഒരു ദിവസത്തേക്ക് ആവശ്യമായ മൊത്തം ഊർജ്ജത്തിന്റെ അളവിനോട് തുല്യമോ അതിൽ കൂടുതലോ ആണ്.
സദ്യ ആരോഗ്യകരമായി കഴിക്കാം
ഓണസദ്യ പൂർണ്ണമായും ഒഴിവാക്കേണ്ട ഒന്നല്ല. പോഷകങ്ങൾ സമീകൃതമായി അടങ്ങിയ ഒന്നാണ് സദ്യ. എന്നാൽ അമിതമാകാതെ ശ്രദ്ധിക്കാം. വറുത്ത വിഭവങ്ങളായ ഉപ്പേരി, പപ്പടം, ശർക്കരവരട്ടി എന്നിവയുടെ അളവ് കുറയ്ക്കാം. ചോറ് കുറച്ചെടുത്ത് കറികൾ, പ്രത്യേകിച്ച് അവിയൽ, തോരൻ പോലുള്ള പച്ചക്കറി വിഭവങ്ങൾ കൂടുതലായി കഴിക്കാൻ ശ്രദ്ധിക്കുക. ദഹനത്തിന് സഹായിക്കുന്ന ഇഞ്ചിക്കറി, രസം, മോര് എന്നിവ നിർബന്ധമായും സദ്യയിൽ ഉൾപ്പെടുത്തുക. മധുരം നിയന്ത്രിച്ച് പായസം ആസ്വദിക്കാം. സദ്യയ്ക്ക് ശേഷം അല്പം ചുക്കുവെള്ളം കുടിക്കുന്നത് ദഹനം എളുപ്പമാക്കാൻ സഹായിക്കും.