
തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ഉയർന്ന ആരോപണങ്ങളിൽ പാർട്ടി മുഖം നോക്കാതെ നടപടിയെടുക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. പരാതി വളരെ ഗൗരവമുള്ളതാണെന്നും, അതിനെ അതേ ഗൗരവത്തോടെ തന്നെയാണ് പാർട്ടി കാണുന്നതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
“പരാതി ഉന്നയിച്ച പെൺകുട്ടി എനിക്ക് മകളെപ്പോലെയാണ്. അവർ ഒരു തെറ്റായ മെസേജ് അയച്ച കാര്യം എൻ്റെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. ഒരു പിതാവ് എന്ന നിലയിൽ ഞാൻ ആ വിഷയത്തിൽ ഇടപെടുകയും ചെയ്തിട്ടുണ്ട്. എന്നാൽ ഇപ്പോൾ ഉയർന്നുവന്നിട്ടുള്ള മറ്റ് ഗുരുതരമായ ആരോപണങ്ങളെക്കുറിച്ച് എനിക്ക് അറിവില്ലായിരുന്നു,” സതീശൻ പറഞ്ഞു.
“പാർട്ടിക്കകത്ത് എത്ര വലിയ നേതാവാണെങ്കിലും, അവർക്കെതിരെ ഇത്തരം ആരോപണങ്ങൾ ഉയർന്നാൽ പാർട്ടി ഗൗരവമായി അന്വേഷിക്കും, കർശന നടപടിയെടുക്കും. ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ല. ഇതിന് ഞാൻ തന്നെ മുൻകൈയെടുക്കും,” അദ്ദേഹം കൂട്ടിച്ചേർത്തു. ആരോപണം ഉന്നയിച്ച പെൺകുട്ടിയെ വിവാദങ്ങളിലേക്ക് വലിച്ചിഴയ്ക്കാൻ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.