
യുവനടിക്ക് അശ്ലീല സന്ദേശമയച്ചെന്ന ആരോപണത്തെത്തുടർന്നുണ്ടായ വിവാദങ്ങൾക്കൊടുവിൽ, യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ രാജിവെച്ചു. രാജിക്കത്ത് യൂത്ത് കോൺഗ്രസ് ദേശീയ നേതൃത്വത്തിന് കൈമാറി. രാഹുലിന്റെ രാജിക്ക് പിന്നിൽ പാർട്ടിക്കകത്തും പുറത്തും നിന്നുള്ള ശക്തമായ സമ്മർദ്ദമുണ്ടായിരുന്നു.
നടി റിനി ആൻ ജോർജ് ആണ് ഒരു യുവ രാഷ്ട്രീയ നേതാവ് പഞ്ചനക്ഷത്ര ഹോട്ടലിലേക്ക് ക്ഷണിച്ചെന്നും അശ്ലീല സന്ദേശങ്ങൾ അയച്ചെന്നും വെളിപ്പെടുത്തിയത്. അവർ പേര് പറഞ്ഞിരുന്നില്ലെങ്കിലും, ആരോപണത്തിന്റെ മുന രാഹുലിന് നേരെയാണെന്ന തരത്തിൽ ചർച്ചകൾ സജീവമായിരുന്നു. ഇതിന് പിന്നാലെ ഒരു പ്രവാസി എഴുത്തുകാരിയും രാഹുലിനെതിരെ രംഗത്തെത്തിയതോടെയാണ് രാജിക്ക് സമ്മർദ്ദം ശക്തമായത്.
വിഷയം ഗൗരവതരമാണെന്നും മുഖം നോക്കാതെ നടപടിയെടുക്കുമെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കൾ വ്യക്തമാക്കിയതോടെ രാഹുലിന്റെ രാജി ഉറപ്പായിരുന്നു. രാഹുൽ ആരോപണങ്ങൾക്ക് മറുപടി പറയണമെന്നും, തെറ്റാണെങ്കിൽ ആരോപണം ഉന്നയിച്ചവർക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്നും യൂത്ത് കോൺഗ്രസിനകത്തു നിന്നും ആവശ്യമുയർന്നിരുന്നു.