വാഷിംഗ്ടൺ: യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ഉക്രേനിയൻ പ്രസിഡന്റ് വോലോഡിമിർ സെലെൻസ്കിയും പ്രധാന യൂറോപ്യൻ നേതാക്കളും പങ്കെടുത്ത വൈറ്റ് ഹൗസ് ഉച്ചകോടിയിൽ നിർണായകമായ മുന്നേറ്റം. ഏറെക്കാലമായി ലോകം ഉറ്റുനോക്കുന്ന റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിനും സെലെൻസ്കിയും തമ്മിലുള്ള കൂടിക്കാഴ്ച വൈകാതെ യാഥാർത്ഥ്യമായേക്കുമെന്ന് യൂറോപ്യൻ യൂണിയൻ നേതാക്കൾ സൂചന നൽകി.
ഉച്ചകോടിക്ക് ശേഷം യൂറോപ്യൻ നേതാക്കൾ പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവനകൾ പ്രകാരം, അടുത്ത രണ്ടാഴ്ചയ്ക്കുള്ളിൽ സെലെൻസ്കിയുമായി കൂടിക്കാഴ്ച നടത്താൻ പുടിൻ സമ്മതിച്ചിട്ടുണ്ട്. ഓവൽ ഓഫീസിലെ ചർച്ചകൾക്കിടെ പ്രസിഡന്റ് ട്രംപ് പുടിനുമായി നടത്തിയ ഫോൺ സംഭാഷണമാണ് ഈ നിർണായക വഴിത്തിരിവിന് കാരണമായതെന്നാണ് റിപ്പോർട്ടുകൾ. വൈറ്റ് ഹൗസിന് പുറത്ത് മാധ്യമങ്ങളോട് സംസാരിക്കവെ ജർമ്മൻ ചാൻസലർ ഫ്രെഡറിക് മെർസ് ഈ വാർത്ത സ്ഥിരീകരിച്ചു.

“അതെ, അടുത്ത രണ്ടാഴ്ചയ്ക്കുള്ളിൽ പ്രസിഡന്റ് സെലെൻസ്കിയുമായി കൂടിക്കാഴ്ച നടത്താൻ പ്രസിഡന്റ് പുടിൻ സമ്മതിച്ചിട്ടുണ്ട്,” എന്ന് മെർസ് പറഞ്ഞു. ചർച്ചയുടെ വേദി സംബന്ധിച്ച് തീരുമാനമായിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഫിൻലൻഡ് പ്രസിഡന്റ് അലക്സാണ്ടർ സ്റ്റബ്ബും സമാനമായ അഭിപ്രായം പ്രകടിപ്പിച്ചു. അന്തിമ അജണ്ടയെയും നിർദ്ദേശങ്ങളെയും കുറിച്ച് പുടിനെ അറിയിക്കാൻ യോഗത്തിൽ പങ്കെടുത്ത പാശ്ചാത്യ നേതാക്കൾ കൂട്ടായി എടുത്ത തീരുമാനമായിരുന്നു ഫോൺ കോൾ എന്ന് അദ്ദേഹം സിഎൻഎൻ-നോട് പറഞ്ഞു. എന്നാൽ, യഥാർത്ഥ ഉഭയകക്ഷി ചർച്ചകൾക്ക് പുടിൻ എത്രത്തോളം സന്നദ്ധനാണെന്ന കാര്യത്തിൽ അദ്ദേഹം സംശയം പ്രകടിപ്പിച്ചു.
പുടിനുമായി കൂടിക്കാഴ്ചയ്ക്ക് തയ്യാറാണെന്ന് പ്രസിഡന്റ് സെലെൻസ്കി ഇതിനകം പരസ്യമായി വ്യക്തമാക്കിയിട്ടുണ്ട്. ഉഭയകക്ഷി ചർച്ചകൾ നടത്താനുള്ള റഷ്യയുടെ താൽപ്പര്യം അംഗീകരിച്ച അദ്ദേഹം, ട്രംപിനെ ഉൾപ്പെടുത്തി ഒരു ത്രികക്ഷി ചർച്ചയ്ക്കും ഉക്രെയ്ൻ തയ്യാറാണെന്ന് അറിയിച്ചു. എന്നാൽ, തീയതി ഇതുവരെ നിശ്ചയിച്ചിട്ടില്ലെന്ന് അദ്ദേഹം സ്ഥിരീകരിച്ചു. “ഞങ്ങൾക്ക് ഒരു തീയതി ലഭിച്ചിട്ടില്ല. ഈ ഫലപ്രദമായ കൂടിക്കാഴ്ചയ്ക്ക് ശേഷം ഞങ്ങൾ ഒരു ത്രികക്ഷി ചർച്ചയ്ക്ക് തയ്യാറാണെന്ന് സ്ഥിരീകരിച്ചു,” അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു.
ട്രംപും തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ‘ട്രൂത്ത് സോഷ്യലി’ലൂടെ ഇക്കാര്യം സ്ഥിരീകരിച്ചു. പുടിനുമായുള്ള സംഭാഷണത്തിന് ശേഷം, ഇരു നേതാക്കളും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്കുള്ള ക്രമീകരണങ്ങൾ ആരംഭിച്ചതായും താൻ ഒരു മൂന്നാം കക്ഷി മധ്യസ്ഥനായി പ്രവർത്തിക്കുമെന്നും അദ്ദേഹം കുറിച്ചു. എന്നാൽ ഔദ്യോഗിക തീയതിയോ വേദിയോ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.
ചർച്ചകൾ പുടിനും സെലെൻസ്കിയും തമ്മിലുള്ള ഉഭയകക്ഷി യോഗമായിട്ടാണോ അതോ ട്രംപിന്റെ ആതിഥേയത്വത്തിൽ നേരിട്ടുള്ള ത്രികക്ഷി ഉച്ചകോടിയായിട്ടാണോ ആരംഭിക്കുകയെന്ന് വ്യക്തമല്ല. “ഒന്നോ രണ്ടോ ആഴ്ചയ്ക്കുള്ളിൽ, ഈ പ്രശ്നം പരിഹരിക്കുമോ അതോ ഈ ഭയാനകമായ പോരാട്ടം തുടരുമോ എന്ന് നമുക്കറിയാം,” എന്ന് ട്രംപ് പറഞ്ഞു, യുദ്ധം അവസാനിപ്പിക്കുന്നതിൽ അദ്ദേഹം മിതമായ ശുഭാപ്തിവിശ്വാസം പ്രകടിപ്പിച്ചു.
2022 ഫെബ്രുവരി മുതൽ തുടങ്ങിയ റഷ്യ യുക്രയ്ൻ യുദ്ധത്തിൽ ആയിരക്കണക്കിന് ജീവനാണ് ഇതുവരെ നഷ്ടമായിരിക്കുന്നത്