കളിക്കളത്തിൽ പൊട്ടിക്കരഞ്ഞ് നെയ്മർ; കരിയറിലെ ഏറ്റവും വലിയ തോൽവി

റിയോ ഡി ജനീറോ: ബ്രസീലിയൻ സൂപ്പർ താരം നെയ്മർ ജൂനിയറിന് കളിക്കളത്തിൽ കണ്ണീരോടെ മടക്കം. തന്റെ പ്രൊഫഷണൽ കരിയറിലെ ഏറ്റവും വലിയ തോൽവിയാണ് നെയ്മറുടെ ക്ലബ്ബായ സാന്റോസ് ഏറ്റുവാങ്ങിയത്. ബ്രസീലിയൻ സീരി എ പോരാട്ടത്തിൽ, വാസ്കോ ഡ ഗാമയോട് എതിരില്ലാത്ത ആറ് ഗോളുകൾക്കാണ് സാന്റോസ് സ്വന്തം മൈതാനത്ത് നാണംകെട്ട തോൽവി നേരിട്ടത്. മത്സരശേഷം, നിരാശയും സങ്കടവും അടക്കാനാവാതെ നെയ്മർ ഗ്രൗണ്ടിലിരുന്ന് പൊട്ടിക്കരയുന്ന കാഴ്ച ഫുട്ബോൾ ലോകത്തിന് ഒരു നോവായി മാറി.

പരിക്കിൽ നിന്ന് മുക്തനായി ഈ സീസണിൽ തന്റെ ആദ്യകാല ക്ലബ്ബായ സാന്റോസിലേക്ക് തിരിച്ചെത്തിയ നെയ്മറിന് ഈ തോൽവി കനത്ത പ്രഹരമായി. മത്സരത്തിൽ നെയ്മറിന്റെ മുൻ ബ്രസീൽ സഹതാരമായിരുന്ന ഫിലിപ്പെ കുട്ടീഞ്ഞോ വാസ്കോ ഡ ഗാമയ്ക്കായി ഇരട്ട ഗോളുകൾ നേടി. ആദ്യ പകുതിയിൽ ഒരു ഗോളിന് പിന്നിലായിരുന്ന സാന്റോസിന്റെ വലയിലേക്ക് രണ്ടാം പകുതിയിൽ അഞ്ച് തവണയാണ് വാസ്കോ പന്തെത്തിച്ചത്.

ഈ പ്രകടനം “അങ്ങേയറ്റം ലജ്ജാകരമാണ്” എന്നാണ് മത്സരശേഷം നെയ്മർ പ്രതികരിച്ചത്. “ഇങ്ങനെയൊരു അനുഭവം എന്റെ ജീവിതത്തിൽ ആദ്യമായാണ്. ആരാധകർക്ക് പ്രതിഷേധിക്കാൻ എല്ലാ അവകാശവുമുണ്ട്,” അദ്ദേഹം കൂട്ടിച്ചേർത്തു. കനത്ത തോൽവിക്ക് പിന്നാലെ സാന്റോസ്, പരിശീലകനായ ക്ലെബർ ഷാവിയറെ സ്ഥാനത്തുനിന്ന് പുറത്താക്കി. ഈ തോൽവിയോടെ സാന്റോസ് തരംതാഴ്ത്തൽ ഭീഷണിയിലേക്ക് അടുത്തു.

Leave a Reply

error: Content is protected !!

Discover more from Indilipi

Subscribe now to keep reading and get access to the full archive.

Continue reading