
തിരുവനന്തപുരം: സംസ്ഥാനത്തെ ഓണപ്പരീക്ഷകളുടെ ചോദ്യപ്പേപ്പർ ചോർച്ച തടയാൻ കർശന നിർദ്ദേശങ്ങളുമായി പൊതുവിദ്യാഭ്യാസ വകുപ്പ്. ഇനി മുതൽ പരീക്ഷ തുടങ്ങുന്നതിന് അര മണിക്കൂർ മുൻപ് മാത്രമേ ചോദ്യപ്പേപ്പറിന്റെ സീൽ ചെയ്ത പാക്കറ്റ് പൊട്ടിക്കാവൂ എന്ന് വകുപ്പ് പുറത്തിറക്കിയ പുതിയ മാർഗ്ഗരേഖയിൽ പറയുന്നു.
സ്കൂൾ പ്രധാനാധ്യാപകന്റെയും മറ്റൊരു സീനിയർ അധ്യാപകന്റെയും സാന്നിധ്യത്തിലായിരിക്കണം പാക്കറ്റ് തുറക്കേണ്ടത്. പാക്കറ്റ് പൊട്ടിച്ച ശേഷം രണ്ട് അധ്യാപകരും ഒപ്പിടണം. മുൻ വർഷങ്ങളിൽ വാട്സ്ആപ്പ് പോലുള്ള സമൂഹമാധ്യമങ്ങളിലൂടെ ചോദ്യപ്പേപ്പറുകൾ ചോർന്ന സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനാണ് ഈ നടപടി.
ചോദ്യപേപ്പർ പാക്കറ്റുകൾ പ്രധാനാധ്യാപകന്റെ ഓഫീസിലെ അലമാരയിൽ സുരക്ഷിതമായി പൂട്ടി സൂക്ഷിക്കണമെന്നും നിർദ്ദേശമുണ്ട്. പരീക്ഷ തുടങ്ങുന്നതിന് തൊട്ടുമുൻപ് മാത്രമേ ഇൻവിജിലേറ്റർക്ക് ചോദ്യപേപ്പർ നൽകാവൂ. ചോദ്യപേപ്പറിന്റെ സുരക്ഷ ഉറപ്പാക്കേണ്ട പൂർണ്ണ ഉത്തരവാദിത്വം പ്രധാനാധ്യാപകനായിരിക്കുമെന്നും മാർഗ്ഗരേഖയിൽ വ്യക്തമാക്കുന്നു.