“പെണ്ണിനെ കണ്ടാൽ വീഴുന്ന മൊണ്ണകൾ”; ബിഗ് ബോസ് ഹൗസിലെ ആണുങ്ങളെക്കുറിച്ചുള്ള പരാമർശത്തിൽ അനുമോളെ ചോദ്യം ചെയ്ത് മോഹൻലാൽ

ബിഗ് ബോസ് മലയാളം ഏഴാം സീസൺ ആരംഭിച്ച് രണ്ടാഴ്ച പിന്നിടുമ്പോൾ വീടിനകത്ത് വാക്പോരുകളും വിവാദങ്ങളും കനക്കുകയാണ്. ഏറ്റവും പുതിയ എപ്പിസോഡിൽ, അവതാരകനായ മോഹൻലാൽ, മത്സരാർത്ഥിയായ അനുമോളുടെ ഒരു പരാമർശത്തെ ശക്തമായി ചോദ്യം ചെയ്തതാണ് ശ്രദ്ധേയമായത്. ബിഗ് ബോസ് വീട്ടിലെ ആൺമത്സരാർത്ഥികളെല്ലാം “മൊണ്ണകളാണ്” എന്ന അനുമോളുടെ പ്രസ്താവനയാണ് ചർച്ചകൾക്ക് വഴിവെച്ചത്.

ജിസേലുമായുള്ള വഴക്കിനെക്കുറിച്ച് സംസാരിക്കുന്നതിനിടെയാണ് മോഹൻലാൽ ഈ വിഷയം ഉന്നയിച്ചത്. വീട്ടിലെ ആണുങ്ങളെല്ലാം കഴിവില്ലാത്തവരും മൂർച്ചയില്ലാത്തവരുമാണെന്ന് അനുമോൾ പറഞ്ഞോ എന്ന് മോഹൻലാൽ ചോദിച്ചു. താൻ “മൊണ്ണ” എന്ന വാക്കാണ് ഉപയോഗിച്ചതെന്ന് അനുമോൾ സമ്മതിച്ചു. തുടർന്ന്, ആ ദിവസത്തെ വീഡിയോ സംപ്രേഷണം ചെയ്തു. “പെണ്ണിനെ കണ്ടാൽ ഇങ്ങനെയും വീഴുന്ന ആണുങ്ങളുണ്ടെന്നാണ് ഞാൻ ആലോചിക്കുന്നത്. പെണ്ണിനെ കണ്ടാൽ വീഴുന്ന കൊറേ മൊണ്ണകൾ. ആ അഭി ഒഴിച്ച് ഇരിക്കുന്ന എല്ലാം എണ്ണവും,” എന്നായിരുന്നു അനുമോളുടെ വാക്കുകൾ.

ഇതിന് പിന്നാലെ, “മൊണ്ണയല്ലാത്ത ഒരാളെയെങ്കിലും കിട്ടിയല്ലോ” എന്ന് പറഞ്ഞ് മോഹൻലാൽ തമാശരൂപേണ അഭിലാഷിനെ അഭിനന്ദിച്ചു. അനുമോൾ പറഞ്ഞത് വളരെ മോശമായ കാര്യമാണെന്നും, അങ്ങനെ തോന്നിയിട്ടുണ്ടെങ്കിൽ നേരിട്ട് വന്ന് പറയണമായിരുന്നുവെന്നും അനീഷ് പ്രതികരിച്ചു. എന്നാൽ, ജിസേലുമായി എന്ത് പ്രശ്നമുണ്ടായാലും എല്ലാവരും അവളെയാണ് പിന്തുണയ്ക്കുന്നതെന്നും, തന്റെ ഭാഗം ആരും കേൾക്കുന്നില്ലെന്നും അനുമോൾ പറഞ്ഞു.

തന്നെ എല്ലാവരും ഒറ്റപ്പെടുത്തുകയാണെന്ന് അനുമോൾ പറഞ്ഞപ്പോൾ, കരച്ചിലല്ല ഇതിനുള്ള പരിഹാരമെന്നും, അവരെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുന്നത് ശരിയല്ലെന്നും മോഹൻലാൽ ഉപദേശിച്ചു. സംഭവം സോഷ്യൽ മീഡിയയിലും വലിയ ചർച്ചയായിട്ടുണ്ട്. അനുമോളെ വിമർശിച്ചും പിന്തുണച്ചും നിരവധി പേർ രംഗത്തെത്തിയിട്ടുണ്ട്.

Leave a Reply

error: Content is protected !!

Discover more from Indilipi

Subscribe now to keep reading and get access to the full archive.

Continue reading