
ന്യൂഡൽഹി: രാജ്യത്തെ ചരക്ക് സേവന നികുതി (ജിഎസ്ടി) ഘടനയിൽ വലിയ മാറ്റങ്ങൾ വരുത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. 79-ാം സ്വാതന്ത്ര്യദിനത്തിൽ ചെങ്കോട്ടയിൽ രാജ്യത്തെ അഭിസംബോധന ചെയ്യവെയാണ് അദ്ദേഹം ഈ സുപ്രധാന പ്രഖ്യാപനം നടത്തിയത്. ഈ വർഷത്തെ ദീപാവലിയോടെ പുതുതലമുറ ജിഎസ്ടി പരിഷ്കാരങ്ങൾ നടപ്പിലാക്കുമെന്നും അദ്ദേഹം പറഞ്ഞു.
നികുതി കുറയ്ക്കുന്നതിലൂടെ സാധാരണക്കാരുടെ ജീവിതച്ചെലവ് കുറയ്ക്കുകയാണ് ഈ പരിഷ്കാരങ്ങളുടെ പ്രധാന ലക്ഷ്യം. ഇതോടെ നിത്യോപയോഗ സാധനങ്ങളുടെ വില ഗണ്യമായി കുറയാൻ സാധ്യതയുണ്ട്. ചെറുകിട-ഇടത്തരം വ്യവസായങ്ങൾക്കും (എംഎസ്എംഇ) ഈ മാറ്റങ്ങൾ ഗുണകരമാകുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
നിലവിൽ സ്വർണം, വെള്ളി എന്നിവ ഒഴികെയുള്ള ഉത്പന്നങ്ങൾക്കും സേവനങ്ങൾക്കും 5%, 12%, 18%, 28% എന്നിങ്ങനെ നാല് സ്ലാബുകളിലായാണ് ജിഎസ്ടി ഈടാക്കുന്നത്. ഈ സ്ലാബുകൾ ലയിപ്പിച്ച് നികുതി ഘടന ലളിതമാക്കാനും ചില ഉത്പന്നങ്ങളുടെ നികുതി നിരക്ക് കുറയ്ക്കാനുമാണ് സർക്കാർ ലക്ഷ്യമിടുന്നത്.
ഈ മാറ്റം സർക്കാരിന് നികുതി വരുമാനത്തിൽ കുറവുണ്ടാക്കുമെങ്കിലും, ജനങ്ങൾക്ക് കൂടുതൽ പണം കൈവശം വെക്കാനും അതുവഴി വിപണിയിൽ കൂടുതൽ ചെലവഴിക്കാനും സാധിക്കും. ഇത് രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയ്ക്ക് ഉണർവേകുമെന്നാണ് വിലയിരുത്തൽ.