
ചെന്നൈ: സൂപ്പർസ്റ്റാർ രജനികാന്തിന്റെ ഏറ്റവും പുതിയ ചിത്രം ‘കൂലി’ക്ക് റിലീസ് ദിനത്തിൽ തന്നെ കനത്ത തിരിച്ചടി. ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ചിത്രം തിയേറ്ററുകളിലെത്തി മണിക്കൂറുകൾക്കകം വ്യാജ പതിപ്പുകൾ ഓൺലൈനിൽ വ്യാപകമായി പ്രചരിച്ചു. സിനിമയുടെ വ്യാജ ലിങ്കുകൾ ടെലിഗ്രാം ഗ്രൂപ്പുകളിലും നിയമവിരുദ്ധമായി പ്രവർത്തിക്കുന്ന വെബ്സൈറ്റുകളിലും സജീവമാണ്.
വ്യാഴാഴ്ച രാവിലെ പ്രദർശനം ആരംഭിച്ച ചിത്രത്തിന്റെ എച്ച്ഡി ക്വാളിറ്റിയിലുള്ള പതിപ്പുകൾ ഉൾപ്പെടെയാണ് ചോർന്നത്. ഹൈ ക്വാളിറ്റി മുതൽ കുറഞ്ഞ റെസല്യൂഷനിലുള്ള പതിപ്പുകൾ വരെ ഡൗൺലോഡ് ചെയ്യാൻ ലഭ്യമായതോടെ ‘കൂലി ഫ്രീ ഡൗൺലോഡ്’ പോലുള്ള കീവേഡുകൾ സോഷ്യൽ മീഡിയയിലും സെർച്ച് എഞ്ചിനുകളിലും ട്രെൻഡിങ്ങായി.
സിനിമയുടെ വ്യാജ പതിപ്പുകൾ പ്രചരിക്കുന്നത് നിർമ്മാതാക്കൾക്ക് വലിയ സാമ്പത്തിക നഷ്ടമുണ്ടാക്കുന്ന ഗുരുതരമായ കുറ്റകൃത്യമാണ്. മുൻപും ഇത്തരം സംഭവങ്ങൾ ഉണ്ടായപ്പോൾ നിർമ്മാതാക്കൾ നിയമനടപടികളുമായി മുന്നോട്ടുപോയിരുന്നു.