പ്രധാനമന്ത്രി നരേന്ദ്ര മോദി സെപ്റ്റംബറിൽ യു.എസ് സന്ദർശിക്കാനും പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായി ചർച്ചകൾ നടത്താനും സാധ്യതയെന്ന് റിപ്പോർട്ട്. ന്യൂയോർക്കിൽ നടക്കുന്ന UNGA 80-ാമത് വാർഷിക സമ്മേളനത്തിൽ പങ്കെടുക്കുന്നതിന്റെ ഭാഗമായാണ് സന്ദർശനം. ഇരുരാജ്യങ്ങളും തമ്മിൽ നിലനിൽക്കുന്ന വ്യാപാര തർക്കങ്ങൾ പരിഹരിക്കുന്നതിനുള്ള നിർണായക ചർച്ചകൾക്ക് ഈ കൂടിക്കാഴ്ച വഴിയൊരുക്കുമെന്നാണ് വിലയിരുത്തപ്പെടുന്നു.

യു.എസ് 50% ഇറക്കുമതി തീരുവ ചുമത്തിയ പശ്ചാത്തലത്തിലാണ് ഈ സന്ദർശനം നിർണായകമാകുന്നത്. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി വ്യാപാര കരാറിനായുള്ള ചർച്ചകൾ നടക്കുന്നതിനിടെയാണ് ട്രംപ് ഭരണകൂടം അധിക താരിഫ് പ്രഖ്യാപിച്ചത്. യുഎസ് നടപടി “അന്യായവും യുക്തിരഹിതവുമാണ്” എന്നും രാജ്യത്തിന്റെ സാമ്പത്തിക താൽപ്പര്യങ്ങൾ സംരക്ഷിക്കാൻ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്നും ഇന്ത്യയുടെ വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചിരുന്നു.
പ്രധാനമന്ത്രി മോദി സെപ്റ്റംബർ 26-ന് രാവിലെ സമ്മേളനത്തെ അഭിസംബോധന ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഈ വർഷം ഫെബ്രുവരിയിൽ മോദി വാഷിംഗ്ടൺ ഡിസി സന്ദർശിച്ച് ട്രംപുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. സെപ്റ്റംബറിലെ കൂടിക്കാഴ്ചയിൽ വ്യാപാര തർക്കങ്ങൾ പരിഹരിക്കുന്നതിനായിരിക്കും പ്രധാന പരിഗണന. ഇതിനുപുറമെ, യുക്രൈൻ പ്രസിഡന്റ് സെലെൻസ്കിയുമായും കൂടിക്കാഴ്ച നടത്താൻ സാധ്യതയുണ്ടെന്ന് റിപ്പോർട്ടുകളുണ്ട്.