
തെലങ്കാന: കരിംനഗറിൽ ഭർത്താവിനെ അതിക്രൂരമായി കൊലപ്പെടുത്തിയ കേസിൽ ഭാര്യയും കാമുകനും ഉൾപ്പെടെ മൂന്നുപേർ അറസ്റ്റിൽ. യൂട്യൂബിൽ കൊലപാതകത്തിനുള്ള വിദ്യകൾ തിരഞ്ഞ ശേഷമാണ് യുവതി, കാമുകൻ്റെയും അയാളുടെ സുഹൃത്തിൻ്റെയും സഹായത്തോടെ കൃത്യം നടത്തിയത്. മദ്യപിച്ച് അവശനായ ഭർത്താവിൻ്റെ ചെവിയിൽ കീടനാശിനി ഒഴിച്ചായിരുന്നു കൊലപാതകം.
ലൈബ്രറി ജീവനക്കാരനായ സമ്പത്താണ് കൊല്ലപ്പെട്ടത്. ഇയാളുടെ ഭാര്യ രാമദേവി, കാമുകനായ കരെ രാജയ്യ, രാജയ്യയുടെ സുഹൃത്ത് ശ്രീനിവാസ് എന്നിവരാണ് അറസ്റ്റിലായത്. സമ്പത്ത് സ്ഥിരമായി മദ്യപിച്ച് വീട്ടിലെത്തി രാമദേവിയുമായി വഴക്കിടുന്നത് പതിവായിരുന്നു. ഇതിനിടെ, രാമദേവി നടത്തിയിരുന്ന ലഘുഭക്ഷണശാലയിലെ സ്ഥിരം സന്ദർശകനായ രാജയ്യയുമായി അവർ പ്രണയത്തിലായി.
ഭർത്താവിനെ ഒഴിവാക്കാൻ തീരുമാനിച്ച രാമദേവി, എളുപ്പത്തിൽ കണ്ടുപിടിക്കാനാവാത്ത കൊലപാതക രീതികൾക്കായി യൂട്യൂബിൽ തിരയുകയായിരുന്നു. ചെവിയിൽ കീടനാശിനി ഒഴിച്ചാൽ മരണം സംഭവിക്കുമെന്ന് ഒരു വീഡിയോയിൽ നിന്ന് മനസ്സിലാക്കിയ അവർ ഈ ആശയം കാമുകനുമായി പങ്കുവെച്ചു.
കൊലപാതകം ആസൂത്രണം ചെയ്തത് ഇങ്ങനെ:
കൃത്യം നടക്കുന്ന ദിവസം രാത്രി, രാജയ്യയും ശ്രീനിവാസും ചേർന്ന് സമ്പത്തിനെ മദ്യപിക്കാനായി ബൊമ്മക്കൽ മേൽപ്പാലത്തിന് സമീപത്തേക്ക് കൂട്ടിക്കൊണ്ടുപോയി. അമിതമായി മദ്യപിച്ച് ബോധരഹിതനായി വീണ സമ്പത്തിൻ്റെ ചെവിയിലേക്ക് രാജയ്യ കീടനാശിനി ഒഴിക്കുകയായിരുന്നു. സമ്പത്ത് സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു. ഇതിനുശേഷം രാജയ്യ ഫോണിൽ വിളിച്ച് രാമദേവിയെ വിവരം അറിയിച്ചു.
പോലീസിനെ കബളിപ്പിക്കാനുള്ള ശ്രമം:
പിറ്റേദിവസം, രാമദേവി പോലീസ് സ്റ്റേഷനിലെത്തി ഭർത്താവിനെ കാണാനില്ലെന്ന് പരാതി നൽകി. ഓഗസ്റ്റ് 1-ന് സമ്പത്തിൻ്റെ മൃതദേഹം കണ്ടെത്തിയപ്പോൾ, പോസ്റ്റ്മോർട്ടം നടത്തരുതെന്ന് രാമദേവിയും രാജയ്യയും ആവശ്യപ്പെട്ടത് പോലീസിൽ സംശയം ജനിപ്പിച്ചു. കൊല്ലപ്പെട്ട സമ്പത്തിൻ്റെ മകനും മരണത്തിൽ സംശയം പ്രകടിപ്പിച്ചിരുന്നു. തുടർന്ന് പോലീസ് ഇവരുടെ ഫോൺ രേഖകളും സിസിടിവി ദൃശ്യങ്ങളും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകത്തിൻ്റെ ചുരുളഴിഞ്ഞത്. ചോദ്യം ചെയ്യലിൽ മൂവരും കുറ്റം സമ്മതിച്ചു.