
കേരളത്തിൽ മദ്യം ഓൺലൈനായി ഓർഡർ ചെയ്ത് വീട്ടുപടിക്കൽ എത്തിക്കാൻ സൗകര്യമൊരുക്കണമെന്ന് ആവശ്യപ്പെട്ട് ബിവറേജസ് കോർപ്പറേഷൻ (ബെവ്കോ) സർക്കാരിന് ശുപാർശ നൽകി. ഇതിനായി ഒരു മൊബൈൽ ആപ്പ് നിർമ്മിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണെന്നും, അനുകൂല തീരുമാനം ഉണ്ടായാൽ ഓൺലൈൻ മദ്യവിതരണം ആരംഭിക്കുമെന്നും ബെവ്കോ എം.ഡി ഹർഷിത അട്ടല്ലൂരി അറിയിച്ചു.
ബെവ്കോയുടെ ശുപാർശ പ്രകാരം, 23 വയസ്സ് പൂർത്തിയായവർക്ക് മാത്രമേ മദ്യം ഓർഡർ ചെയ്യാൻ സാധിക്കൂ. ഔദ്യോഗിക തിരിച്ചറിയൽ കാർഡ് ഉപയോഗിച്ച് പ്രായം ഉറപ്പുവരുത്തും. ഒരു വ്യക്തിക്ക് ഒറ്റത്തവണ മൂന്ന് ലിറ്റർ വരെ മദ്യം ഓർഡർ ചെയ്യാനാകും. കരിഞ്ചന്തയിലെ വിൽപ്പന തടയുന്നതിനായി മദ്യം വാങ്ങുന്നതിന് കൃത്യമായ പരിധി നിശ്ചയിക്കുമെന്നും ശുപാർശയിൽ പറയുന്നു.
ഓൺലൈൻ ഭക്ഷണ വിതരണ കമ്പനിയായ സ്വിഗ്ഗി ഈ പദ്ധതിയിൽ ഇതിനകം താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ട്. കൂടുതൽ കമ്പനികൾ മുന്നോട്ടുവന്നാൽ, ടെൻഡർ നടപടികളിലേക്ക് കടക്കുമെന്നും വിതരണത്തിന്റെ പൂർണ്ണ ഉത്തരവാദിത്തം ഡെലിവറി കമ്പനിക്കായിരിക്കുമെന്നും ബെവ്കോ വ്യക്തമാക്കി. കഴിഞ്ഞ മൂന്ന് വർഷമായി ബെവ്കോ ഈ ആവശ്യം സർക്കാരിന് മുന്നിൽ വെക്കുന്നുണ്ടെങ്കിലും ഇതുവരെ അന്തിമ തീരുമാനം ഉണ്ടായിട്ടില്ല.