
ഷാർജയിൽ കൊല്ലം സ്വദേശിനി അതുല്യ (30) മരിച്ച സംഭവത്തിൽ ഭർത്താവ് സതീശ് ശങ്കറിനെ പോലീസ് അറസ്റ്റ് ചെയ്തു. യുഎഇയിൽ നിന്ന് നാട്ടിലേക്ക് മടങ്ങിയെത്തിയ ഇയാളെ തിരുവനന്തപുരം വിമാനത്താവളത്തിൽ വെച്ചാണ് കസ്റ്റഡിയിലെടുത്തത്. ഇയാൾക്കെതിരെ കൊല്ലം പോലീസ് നേരത്തെ ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു.
വിമാനമിറങ്ങിയ സതീഷിനെ എമിഗ്രേഷൻ അധികൃതർ തടഞ്ഞുവെക്കുകയും തുടർന്ന് വലിയതുറ പോലീസിന് കൈമാറുകയുമായിരുന്നു. നിലവിൽ ഇയാൾ വലിയതുറ പോലീസിന്റെ കസ്റ്റഡിയിലാണ്.
കഴിഞ്ഞ ജൂലൈ 19-നാണ് കൊല്ലം ചവറ തെക്കുംഭാഗം കോയിവിള സ്വദേശിനിയായ അതുല്യയെ ഷാർജയിലെ ഫ്ലാറ്റിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. ഭർത്താവിന്റെ നിരന്തരമായ പീഡനവും ഉപദ്രവവുമാണ് അതുല്യയുടെ മരണത്തിന് കാരണമായതെന്ന് കുടുംബം പരാതി നൽകിയിരുന്നു. സതീശ് ഉപദ്രവിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങളും, പീഡനം സഹിക്കവയ്യാതെ അതുല്യ സുഹൃത്തുക്കളോട് സംസാരിക്കുന്ന ശബ്ദരേഖകളും നേരത്തെ പുറത്തുവന്നിരുന്നു.
ദുബായിൽ സൈറ്റ് എഞ്ചിനീയറായി ജോലി ചെയ്തിരുന്ന സതീഷിനെ സംഭവത്തെ തുടർന്ന് കമ്പനി ജോലിയിൽ നിന്ന് പിരിച്ചുവിട്ടിരുന്നു. അതുല്യയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്നും താൻ നിരപരാധിയാണെന്നുമായിരുന്നു സതീശ് നേരത്തെ മാധ്യമങ്ങളോട് പ്രതികരിച്ചത്. എന്നാൽ, മദ്യപിച്ച് ഭാര്യയെ മർദ്ദിക്കാറുണ്ടായിരുന്നുവെന്ന് ഇയാൾ സമ്മതിച്ചിരുന്നു.