
ന്യൂഡൽഹി: രാജ്യത്തെ തിരഞ്ഞെടുപ്പ് പ്രക്രിയയുടെ സുതാര്യത ഉറപ്പാക്കുന്നതിന്റെ ഭാഗമായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ നിർണായക നടപടി സ്വീകരിച്ചു. കേരളത്തിൽ നിന്നുള്ള പാർട്ടികൾ ഉൾപ്പെടെ, അംഗീകാരമില്ലാത്ത 334 രാഷ്ട്രീയ പാർട്ടികളുടെ രജിസ്ട്രേഷനാണ് കമ്മീഷൻ റദ്ദാക്കിയത്. തുടർച്ചയായി ആറ് വർഷം തിരഞ്ഞെടുപ്പിൽ മത്സരിക്കാതിരിക്കുകയും, ജനപ്രാതിനിധ്യ നിയമത്തിലെ (1951) നിബന്ധനകൾ പാലിക്കുന്നതിൽ വീഴ്ച വരുത്തുകയും ചെയ്തതിനെ തുടർന്നാണ് ഈ നടപടി.
കമ്മീഷന്റെ നിയമപ്രകാരം, രജിസ്റ്റർ ചെയ്ത പാർട്ടികൾ കൃത്യമായ ഇടവേളകളിൽ തിരഞ്ഞെടുപ്പിൽ മത്സരിക്കുകയും, പാർട്ടിയുടെ പേര്, വിലാസം, ഭാരവാഹികൾ എന്നിവയിലെ മാറ്റങ്ങൾ സമയബന്ധിതമായി അറിയിക്കുകയും വേണം. ഈ മാനദണ്ഡങ്ങൾ ലംഘിച്ച സംഘടനകളെയാണ് പട്ടികയിൽ നിന്ന് നീക്കം ചെയ്തത്. ഇവയിൽ പല പാർട്ടികളും രജിസ്റ്റർ ചെയ്ത വിലാസത്തിൽ പ്രവർത്തിക്കുന്നില്ലെന്നും കമ്മീഷന്റെ പരിശോധനയിൽ കണ്ടെത്തി.
രാജ്യത്താകെ 2,854 അംഗീകാരമില്ലാത്ത രാഷ്ട്രീയ പാർട്ടികളാണ് ഉണ്ടായിരുന്നത്. പുതിയ നടപടിയോടെ ഇത് 2,520 ആയി കുറഞ്ഞു. നിലവിൽ 6 ദേശീയ പാർട്ടികളും 67 സംസ്ഥാന പാർട്ടികളുമാണ് രാജ്യത്തുള്ളത്. കേരളത്തിൽ നിന്ന് ആർ.എസ്.പി (ബി), എൻ.ഡി.പി സെക്കുലർ തുടങ്ങിയ പാർട്ടികളും അംഗീകാരം റദ്ദാക്കിയവയുടെ പട്ടികയിൽ ഉൾപ്പെടുന്നു.
രജിസ്ട്രേഷൻ നഷ്ടമായതോടെ ഈ പാർട്ടികൾക്ക് പൊതു ചിഹ്നം, നികുതിയിളവുകൾ തുടങ്ങിയ ആനുകൂല്യങ്ങൾ ഇനി ലഭിക്കില്ല. കമ്മീഷന്റെ ഉത്തരവിൽ പരാതിയുള്ള പാർട്ടികൾക്ക് 30 ദിവസത്തിനകം അപ്പീൽ നൽകാൻ അവസരമുണ്ട്.