
നടൻ വിനായകനെ ഒരു പൊതുശല്യമെന്ന് എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്. സർക്കാർ ഇടപെട്ട് വിനായകനെ പിടിച്ചുകെട്ടി കൊണ്ടുപോയി ചികിത്സ നൽകണമെന്നും അദ്ദേഹം കൊച്ചിയിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
വിനായകൻ ലഹരി ഉപയോഗിച്ചാണ് സംസാരിക്കുന്നതെന്നും അദ്ദേഹം താമസിക്കുന്ന ഫ്ലാറ്റിൽ പോലും പ്രശ്നങ്ങളുണ്ടാക്കിയിട്ടുണ്ടെന്നും ഷിയാസ് ആരോപിച്ചു. തുണിയുരിഞ്ഞ് അസഭ്യം പറയുന്നതിൻ്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. ഇത് കേരളത്തിന്റെ സംസ്കാരത്തിന് ചേരാത്ത പ്രവൃത്തിയാണ്. വിനായകൻ എല്ലാ കലാകാരന്മാർക്കും അപമാനമായി മാറുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇത്തരം മാനസിക വിഭ്രാന്തി കാണിക്കുന്ന വിനായകന് സർക്കാർ ചികിത്സ നൽകണം, അല്ലെങ്കിൽ ശക്തമായ നിയമനടപടി സ്വീകരിക്കണം. സർക്കാർ തയ്യാറായില്ലെങ്കിൽ ബന്ധുക്കളെങ്കിലും അദ്ദേഹത്തെ ചികിത്സിക്കാൻ മുന്നോട്ട് വരണം. അല്ലെങ്കിൽ, ജനം തെരുവിൽ കൈകാര്യം ചെയ്യുന്ന അവസ്ഥയുണ്ടാകുമെന്നും ഷിയാസ് മുന്നറിയിപ്പ് നൽകി. മുൻ മുഖ്യമന്ത്രിമാരായ ഉമ്മൻ ചാണ്ടി, വി.എസ്. അച്യുതാനന്ദൻ, സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ എന്നിവർക്കെതിരെയും വിനായകൻ മുൻപ് അസഭ്യവർഷം നടത്തിയിട്ടുണ്ടെന്നും ഷിയാസ് ചൂണ്ടിക്കാട്ടി.
സിനിമാ പ്രവർത്തകർക്ക് സർക്കാരും പൊതുസമൂഹവും പ്രത്യേക പരിരക്ഷ നൽകുന്നത് തെറ്റാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു