
ഡൽഹിയിൽ 10 വർഷം പഴക്കമുള്ള ഡീസൽ വാഹനങ്ങളും 15 വർഷം പഴക്കമുള്ള പെട്രോൾ വാഹനങ്ങളും നിരോധിച്ചത് ശാസ്ത്രീയമായ പഠനങ്ങളോ മലിനീകരണ ഗവേഷണമോ നടത്തിയല്ലെന്ന് എയർ ക്വാളിറ്റി മാനേജ്മെൻ്റ് കമ്മിഷൻ (CAQM) സമ്മതിച്ചു. പരിസ്ഥിതി പ്രവർത്തകൻ നൽകിയ വിവരാവകാശ അപേക്ഷയ്ക്കുള്ള മറുപടിയിലാണ് കമ്മീഷൻ്റെ ഈ സുപ്രധാന വെളിപ്പെടുത്തൽ.
ഈ നിരോധനം ഒരു സ്വതന്ത്ര തീരുമാനമല്ലെന്നും, മറിച്ച് ദേശീയ ഹരിത ട്രൈബ്യൂണൽ (NGT), സുപ്രീം കോടതി എന്നിവയുടെ മുൻകാല ജുഡീഷ്യൽ നിർദേശങ്ങൾ പാലിക്കുക മാത്രമാണ് ചെയ്തതെന്നും കമ്മീഷൻ വ്യക്തമാക്കി. വാഹനങ്ങളിൽ നിന്നുള്ള മലിനീകരണം അവയുടെ കാലപ്പഴക്കത്തെ മാത്രം ആശ്രയിച്ചല്ല, മറിച്ച് പരിപാലനത്തെയും ഉപയോഗ രീതികളെയും അനുസരിച്ചാണെന്ന് പരിസ്ഥിതി പ്രവർത്തകർ നേരത്തെ തന്നെ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.
കമ്മീഷൻ്റെ ഈ തുറന്നുപറച്ചിൽ, നിരോധനം പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ഡൽഹി സർക്കാർ സുപ്രീം കോടതിയിൽ നൽകിയ ഹർജിക്ക് കൂടുതൽ ബലം നൽകും. നിരോധനം അശാസ്ത്രീയവും നിയമം പാലിക്കുന്ന വാഹന ഉടമകളോട് വിവേചനപരവുമാണെന്ന് സർക്കാരിന് ഇനി കോടതിയിൽ ശക്തമായി വാദിക്കാൻ സാധിക്കും.