അർജന്റീനയുടെ കേരള സന്ദർശനം: ‘വാക്കുമാറിയത് കേരള സര്‍ക്കാര്‍’; രൂക്ഷ വിമര്‍ശനവുമായി എഎഫ്എ

ലയണൽ മെസ്സിയും അർജന്റീന ദേശീയ ടീമും കേരളത്തിൽ കളിക്കാനെത്തുമെന്ന പ്രഖ്യാപനം രാഷ്ട്രീയ തട്ടിപ്പാണെന്ന ആരോപണം ശക്തമാകുന്നു. സന്ദർശനം റദ്ദാക്കിയതിന് പിന്നാലെ, വാക്കുമാറിയത് സംസ്ഥാന സർക്കാരാണെന്ന് അർജന്റീന ഫുട്ബോൾ അസോസിയേഷൻ (AFA) പ്രതിനിധികൾ വ്യക്തമാക്കിയതോടെ കായികമന്ത്രി വി. അബ്ദുറഹിമാനും സർക്കാരും പൂർണ്ണമായും പ്രതിരോധത്തിലായി.

ഉപതിരഞ്ഞെടുപ്പ് പ്രചാരണ വേളകളിൽ മന്ത്രി ആവർത്തിച്ച് ഉറപ്പുനൽകിയ പദ്ധതിയാണ് ഇപ്പോൾ വിവാദത്തിലായിരിക്കുന്നത്. കലൂർ, തിരുവനന്തപുരം സ്റ്റേഡിയങ്ങളിലെ സാധ്യതകളും മെസ്സിയുടെ 50 കിലോമീറ്റർ തുറന്ന വാഹനത്തിലെ യാത്ര പോലുള്ള പ്രായോഗികമല്ലാത്ത പ്രഖ്യാപനങ്ങളും ആരാധകരുടെ രോഷത്തിന് കാരണമായിട്ടുണ്ട്. മന്ത്രിയുടെ നിലപാടുകളിൽ വ്യക്തതയില്ലെന്നും ആരുടെയോ താൽപര്യപ്രകാരം പ്രവർത്തിക്കുന്നുവെന്നും വിമർശനം ഉയർന്നിട്ടുണ്ട്.

ഈ വിഷയത്തിൽ സർക്കാരിനും കായികവകുപ്പിനും എതിരെ സമൂഹമാധ്യമങ്ങളിൽ ട്രോളുകൾ നിറയുകയാണ്. മന്ത്രിയുടെ നിലപാടിൽ സിപിഎം നേതൃത്വത്തിനും അതൃപ്തിയുണ്ടെന്നാണ് സൂചന. കരാറുമായി ബന്ധപ്പെട്ട ചർച്ചകൾക്ക് നേതൃത്വം നൽകിയ സ്പോർട്സ് കൗൺസിലിലെ ഉന്നതന് സാമ്പത്തിക നേട്ടമുണ്ടായതായും ആരോപണമുണ്ട്.

അതേസമയം, എഎഫ്എയുമായി സർക്കാർ ധാരണയിലെത്തി പണം കൈമാറിയ ശേഷമാണ് അവർ സന്ദർശനത്തിൽ നിന്ന് പിന്മാറിയതെന്ന് മന്ത്രി നേരത്തെ പറഞ്ഞിരുന്നു. എന്നാൽ, ഈ വാദങ്ങളെല്ലാം തള്ളിക്കൊണ്ടാണ് എഎഫ്എ രംഗത്തെത്തിയിരിക്കുന്നത്.

Leave a Reply

error: Content is protected !!

Discover more from Indilipi

Subscribe now to keep reading and get access to the full archive.

Continue reading