കൊച്ചി: തൃപ്പൂണിത്തുറയിൽ കൊച്ചി മെട്രോയുടെ ട്രാക്കിൽ നിന്ന് താഴേക്ക് ചാടി യുവാവ് മരിച്ചു. മലപ്പുറം തിരൂരങ്ങാടി സ്വദേശി നിസാർ (32) ആണ് മരിച്ചത്. വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെ വടക്കേക്കോട്ട മെട്രോ സ്റ്റേഷന് സമീപമായിരുന്നു നാടിനെ നടുക്കിയ സംഭവം.
വടക്കേക്കോട്ട സ്റ്റേഷനിൽ നിന്ന് ടിക്കറ്റെടുത്ത് പ്ലാറ്റ്ഫോമിലെത്തിയ നിസാർ, അൽപ്പസമയത്തിന് ശേഷം ട്രാക്കിലേക്ക് ചാടിയിറങ്ങുകയായിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ട മെട്രോ ജീവനക്കാർ ഉടൻ തന്നെ ട്രാക്കിലെ വൈദ്യുതി ബന്ധം വിച്ഛേദിച്ചു. തുടർന്ന് ട്രാക്കിലൂടെ നടന്ന ഇയാളെ പോലീസും അഗ്നിരക്ഷാസേനയും ചേർന്ന് അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല.
https://www.instagram.com/reel/DNDymbEMewS/?utm_source=ig_web_copy_link&igsh=MzRlODBiNWFlZA==
രക്ഷാപ്രവർത്തനത്തിന്റെ ഭാഗമായി അഗ്നിരക്ഷാസേന താഴെ വല വിരിച്ചിരുന്നു. എന്നാൽ, വലയിൽ വീഴാത്ത രീതിയിൽ കൈവരിയിൽ പിടിച്ച് തൂങ്ങിയ ശേഷം ഇയാൾ റോഡിലേക്ക് ചാടുകയായിരുന്നു. തലയിടിച്ച് വീണ് ഗുരുതരമായി പരിക്കേറ്റ നിസാറിനെ ഉടൻതന്നെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സംഭവത്തിൽ കൊച്ചി മെട്രോ ഡയറക്ടർ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.