
ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് മേൽ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് 25% അധിക തീരുവ ചുമത്തിയതിനെതിരെ ശക്തമായി തിരിച്ചടിക്കണമെന്ന് കോൺഗ്രസ് എംപി ശശി തരൂർ ആവശ്യപ്പെട്ടു. റഷ്യൻ എണ്ണ വാങ്ങുന്നതിന്റെ പേരിൽ ഇന്ത്യക്കെതിരെ മാത്രം നടപടിയെടുക്കുന്നത് അനീതിയാണെന്നും, യുഎസ് ഉൽപ്പന്നങ്ങൾക്ക് 50% മറുപടി തീരുവ ചുമത്തി ഇതിനെ നേരിടണമെന്നും അദ്ദേഹം പറഞ്ഞു.
റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നതിനാണ് ഈ നടപടിയെന്നാണ് യുഎസ് വാദം. എന്നാൽ, ഇന്ത്യ ഇത് ചെയ്യുന്നത് നിയമങ്ങൾ പാലിച്ച് തുറന്ന വിപണിയിലാണെന്ന് തരൂർ ചൂണ്ടിക്കാട്ടി. റഷ്യയുമായി വലിയ വ്യാപാരബന്ധം പുലർത്തുന്ന ചൈനയ്ക്കോ യൂറോപ്യൻ യൂണിയനോ എതിരെ ട്രംപ് സമാനമായ നടപടി എടുത്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. യുഎസ് തന്നെ റഷ്യയിൽ നിന്ന് യുറേനിയം പോലുള്ള വസ്തുക്കൾ വാങ്ങുന്നുണ്ടെന്ന വിരോധാഭാസവും തരൂർ എടുത്തുപറഞ്ഞു.
അവർ 50% തീരുവ ചുമത്തുകയാണെങ്കിൽ, നിലവിൽ 17% ശരാശരിയുള്ള യുഎസ് ഉൽപ്പന്നങ്ങൾക്കുള്ള നമ്മുടെ തീരുവയും 50% ആക്കി ഉയർത്തണമെന്ന് തരൂർ ആവശ്യപ്പെട്ടു. ഈ സാഹചര്യത്തിൽ ഇന്ത്യ ബദൽ വിപണികൾ കണ്ടെത്തണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.