
മലയാളി താരം സഞ്ജു സാംസൺ രാജസ്ഥാൻ റോയൽസ് വിടുമെന്നുള്ള അഭ്യൂഹങ്ങൾക്ക് വിരാമം. അടുത്ത സീസണിലും സഞ്ജുവിനെ ടീമിൽ നിലനിർത്താൻ രാജസ്ഥാൻ റോയൽസ് മാനേജ്മെന്റ് തീരുമാനിച്ചതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇതോടെ സഞ്ജു ചെന്നൈ സൂപ്പർ കിംഗ്സിലേക്കോ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിലേക്കോ ചേക്കേറുമെന്നുള്ള വാർത്തകൾ അവസാനിക്കുകയാണ്.
2025 ഐപിഎൽ സീസണിൽ ടീമിന്റെ പ്രകടനം നിരാശാജനകമായതിനാലും സഞ്ജുവിന് പരിക്കേറ്റതിനാലും താരം ടീം വിട്ടേക്കുമെന്ന് ശക്തമായ റിപ്പോർട്ടുകളുണ്ടായിരുന്നു. എം.എസ്. ധോണിയുടെ പകരക്കാരനായി ചെന്നൈ സഞ്ജുവിനെ പരിഗണിക്കുന്നു എന്ന തരത്തിലും വാർത്തകൾ പ്രചരിച്ചു. എന്നാൽ, സഞ്ജു ടീമിന്റെ അവിഭാജ്യ ഘടകമാണെന്നും നായകനായി തുടരുമെന്നും ടീം മാനേജ്മെന്റ് വ്യക്തമാക്കിയതോടെയാണ് അഭ്യൂഹങ്ങൾക്ക് അവസാനമായത്.
രാജസ്ഥാൻ റോയൽസ് 18 കോടി രൂപയ്ക്കാണ് 2025 സീസണിലേക്ക് സഞ്ജുവിനെ നിലനിർത്തിയത്. അതേസമയം, ഏഷ്യാ കപ്പിൽ ഇന്ത്യൻ ടീമിന്റെ പ്രധാന വിക്കറ്റ് കീപ്പറായും സഞ്ജുവിനെ പരിഗണിച്ചേക്കുമെന്നും റിപ്പോർട്ടുകളുണ്ട്.