
വോട്ടർ പട്ടികയിൽ വ്യാപകമായ ക്രമക്കേട് നടന്നെന്ന രാഹുൽ ഗാന്ധിയുടെ ആരോപണത്തിന് പിന്നാലെ, വിശദാംശങ്ങൾ സത്യവാങ്മൂലമായി സമർപ്പിക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷൻ ആവശ്യപ്പെട്ടു. കർണാടകയിലെ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറാണ് രാഹുൽ ഗാന്ധിക്ക് ഇത് സംബന്ധിച്ച് കത്തയച്ചത്. രാഹുൽ ഉന്നയിച്ച ആരോപണങ്ങളിൽ തുടർനടപടികൾ സ്വീകരിക്കുന്നതിനാണ് ഈ നടപടിയെന്ന് കമ്മീഷൻ വ്യക്തമാക്കി.
വ്യാഴാഴ്ച നടത്തിയ പത്രസമ്മേളനത്തിൽ, തിരഞ്ഞെടുപ്പ് കമ്മീഷനും ബിജെപിയും ഒത്തുകളിച്ച് തിരഞ്ഞെടുപ്പിൽ ക്രമക്കേട് നടത്തിയെന്ന് രാഹുൽ ഗാന്ധി ആരോപിച്ചിരുന്നു. ബെംഗളൂരു സെൻട്രൽ ലോക്സഭാ മണ്ഡലത്തിലെ കണക്കുകൾ നിരത്തിയാണ് അദ്ദേഹം ഈ ആരോപണം ഉന്നയിച്ചത്. ഇതിന് പിന്നാലെയാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി. വോട്ടർ പട്ടികയിൽ നിന്ന് ഒഴിവാക്കപ്പെട്ടവരുടെയും അനർഹമായി ഉൾപ്പെട്ടവരുടെയും വിവരങ്ങൾ ഒപ്പിട്ട സത്യവാങ്മൂലത്തോടൊപ്പം നൽകാനാണ് നിർദേശം.
അതേസമയം, താൻ ഉന്നയിച്ച വിവരങ്ങൾ തിരഞ്ഞെടുപ്പ് കമ്മീഷൻ്റേത് തന്നെയാണെന്നും, അത് തെറ്റാണെന്ന് കമ്മീഷൻ പറഞ്ഞിട്ടില്ലെന്നും രാഹുൽ ഗാന്ധി പ്രതികരിച്ചു. “ഞാനൊരു രാഷ്ട്രീയക്കാരനാണ്, ജനങ്ങളോട് പരസ്യമായി പറയുന്നതെന്തോ അതെന്റെ വാക്കാണ്. അതൊരു സത്യപ്രതിജ്ഞയായി കണക്കാക്കാം. എന്തുകൊണ്ടാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ ആ വിവരങ്ങൾ തെറ്റാണെന്ന് പറയാത്തത്? കാരണം അവർക്ക് സത്യം അറിയാം,” രാഹുൽ ഗാന്ധി പറഞ്ഞു.