ഉധംപുർ: ജമ്മു കശ്മീരിലെ ഉധംപുരിൽ പത്ത് ലക്ഷം രൂപയും കാറും സ്ത്രീധനമായി ആവശ്യപ്പെട്ട് സൈനികൻ ഭാര്യയെ അതിക്രൂരമായി മർദിച്ചു. സംഭവത്തിന്റെ ഞെട്ടിക്കുന്ന വീഡിയോ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചതോടെ അസം അലി എന്ന സൈനികനെ പോലീസ് അറസ്റ്റ് ചെയ്തു.
ഉധംപുരിലെ മൽഹാർ ഏരിയയിലാണ് സംഭവം നടന്നത്. സ്ത്രീധനം നൽകാൻ വിസമ്മതിച്ചതിനെ തുടർന്നാണ് റവീൻ ബീഗം എന്ന യുവതിക്ക് നേരെ ഭർത്താവായ അസം അലി ആക്രമണം നടത്തിയത്. യുവതിയെ അടിക്കുകയും ഇടിക്കുകയും മുടിയിൽ കുത്തിപ്പിടിച്ച് വലിച്ചിഴയ്ക്കുകയും ചെയ്യുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. കരഞ്ഞുകൊണ്ട് നിലവിളിച്ചിട്ടും ഇയാൾ മർദനം തുടരുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ റവീനെ ഉധംപുർ ഗവൺമെന്റ് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. യുവതിയുടെ കുടുംബം നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ, സ്ത്രീധന പീഡനം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി പോലീസ് കേസെടുക്കുകയും പ്രതിയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. അസം അലി നിരന്തരമായി സ്ത്രീധനത്തിന്റെ പേരിൽ റവീനെ ശാരീരികമായും മാനസികമായും പീഡിപ്പിച്ചിരുന്നതായി കുടുംബം പരാതിയിൽ പറയുന്നു.