
കൊച്ചി: പ്രശസ്ത സംവിധായകൻ അടൂർ ഗോപാലകൃഷ്ണനെയും ഗാനഗന്ധർവ്വൻ കെ.ജെ. യേശുദാസിനെയും പേരെടുത്തുപറഞ്ഞ് അധിക്ഷേപിച്ച് നടൻ വിനായകൻ. ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത കുറിപ്പിലാണ് ഇരുവർക്കുമെതിരെ നടൻ മോശം ഭാഷ ഉപയോഗിച്ചത്. യേശുദാസിൻ്റെ ചിത്രം പങ്കുവെച്ചുകൊണ്ടായിരുന്നു പോസ്റ്റ്. സംഭവം വിവാദമായതോടെ നിരവധി പേർ വിനായകനെതിരെ രൂക്ഷവിമർശനവുമായി രംഗത്തെത്തിയിട്ടുണ്ട്.
അടുത്തിടെ ഒരു സിനിമാ കോൺക്ലേവിൽ അടൂർ ഗോപാലകൃഷ്ണൻ നടത്തിയ ഒരു പ്രസ്താവന വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. സർക്കാർ സഹായത്തോടെ സിനിമയെടുക്കുന്ന പട്ടികജാതി-വർഗ, വനിതാ സംവിധായകർക്ക് വിദഗ്ധരുടെ കീഴിൽ പരിശീലനം നൽകണമെന്നായിരുന്നു അടൂരിന്റെ പരാമർശം. ഇതിനെതിരെ നിരവധി പേർ രംഗത്തുവന്നിരുന്നു. ഈ സാഹചര്യത്തിലാണ് അടൂരിനെതിരെ വിനായകൻ്റെ അധിക്ഷേപ പോസ്റ്റ് വന്നതെന്നാണ് കരുതുന്നത്.
എന്നാൽ, യേശുദാസിനെതിരായ പരാമർശത്തിന് പിന്നിലെ കാരണം വ്യക്തമല്ല. മുൻപും പ്രമുഖ രാഷ്ട്രീയ നേതാക്കൾക്കെതിരെ സമാനമായ രീതിയിൽ അധിക്ഷേപകരമായ പോസ്റ്റുകൾ പങ്കുവെച്ചതിന് വിനായകൻ വ്യാപകമായ വിമർശനങ്ങൾ നേരിട്ടിട്ടുണ്ട്.