റിസർവ് ബാങ്ക് പലിശ നിരക്ക് കുറയ്ക്കുമോ? എംപിസി യോ​ഗം ആരംഭിച്ചു, യുഎസ് തീരുവയും ഒരു നിർണായക ഘടകം

ആർബിഐ ഗവർണർ സഞ്ജയ് മൽഹോത്രയുടെ അധ്യക്ഷതയിൽ പണനയ സമിതിയുടെ (എംപിസി) നിർണായക യോഗം ആരംഭിച്ചു. മൂന്ന് ദിവസം നീണ്ടുനിൽക്കുന്ന യോഗത്തിന് ശേഷം പുതിയ വായ്പാ നയം പ്രഖ്യാപിക്കും. അമേരിക്ക ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് 25% ഇറക്കുമതി തീരുവ ചുമത്തിയ പശ്ചാത്തലത്തിലാണ് ഇത്തവണത്തെ എംപിസി യോഗം നടക്കുന്നത് എന്നതും ശ്രദ്ധേയമാണ്.

കഴിഞ്ഞ മൂന്ന് തവണയും പലിശ നിരക്ക് കുറച്ചതിനാൽ, ഇത്തവണയും ആർബിഐ നിരക്ക് കുറയ്ക്കുമോ അതോ തൽസ്ഥിതി തുടരുമോ എന്ന് സാമ്പത്തിക ലോകം ഉറ്റുനോക്കുകയാണ്. രാജ്യത്ത് പണപ്പെരുപ്പം നിയന്ത്രണവിധേയമായതിനാൽ സാമ്പത്തിക വളർച്ചയെ പ്രോത്സാഹിപ്പിക്കുന്നതിനായി വീണ്ടും പലിശ നിരക്ക് കുറയ്ക്കാൻ സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ. എന്നാൽ, ആഗോള വ്യാപാര രംഗത്തെ സമ്മർദ്ദങ്ങളും യുഎസ് തീരുവകളും ആർബിഐയുടെ തീരുമാനത്തെ സ്വാധീനിച്ചേക്കാം.

പലിശ കുറയ്ക്കാൻ സാധ്യതയെന്ന് വിദഗ്ധർ

റിസർവ് ബാങ്ക് 25 ബേസിസ് പോയിന്റ് നിരക്ക് കുറയ്ക്കാൻ സാധ്യതയുണ്ടെന്ന് എസ്ബിഐയുടെ റിപ്പോർട്ട് സൂചിപ്പിക്കുന്നു. ഉത്സവ സീസണിന് മുന്നോടിയായുള്ള ഈ നീക്കം വായ്പാ ഡിമാൻഡ് വർദ്ധിപ്പിക്കാൻ സഹായിക്കും. മുൻ വർഷങ്ങളിൽ ദീപാവലിക്ക് മുമ്പുള്ള പലിശനിരക്ക് കുറയ്ക്കലുകൾ വായ്പാ വളർച്ചയ്ക്ക് വലിയ സംഭാവനകൾ നൽകിയിട്ടുണ്ട്. ജപ്പാൻ ആസ്ഥാനമായുള്ള നോമുറ ബ്രോക്കറേജ്, നിരക്ക് കുറയ്ക്കാൻ 35% സാധ്യതയുണ്ടെന്ന് വ്യക്തമാക്കുന്നു.

കുറഞ്ഞ പണപ്പെരുപ്പം അനുകൂല ഘടകം

കഴിഞ്ഞ കുറച്ച് മാസങ്ങളായി രാജ്യത്തെ ചില്ലറ പണപ്പെരുപ്പം താഴ്ന്ന നിലയിലാണ്. ജൂണിൽ ഉപഭോക്തൃ വില സൂചിക (സിപിഐ) 2.1% ആയിരുന്നു, ഇത് 2019 ജനുവരിക്ക് ശേഷമുള്ള ഏറ്റവും താഴ്ന്ന നിരക്കാണ്. ജൂലൈയിലെ പണപ്പെരുപ്പം 1.5% ആയി കുറയാൻ സാധ്യതയുണ്ടെന്ന് ബാർക്ലേസ് പ്രവചിക്കുന്നു. ഇത് നടപ്പ് സാമ്പത്തിക വർഷത്തിലെ ആദ്യ പാദത്തിലെ ശരാശരി പണപ്പെരുപ്പം കുറയ്ക്കാൻ സഹായിക്കും.

ഭവനവായ്പകളെ എങ്ങനെ ബാധിക്കും?

റിസർവ് ബാങ്ക് 25 ബേസിസ് പോയിന്റ് നിരക്ക് കുറയ്ക്കുകയാണെങ്കിൽ അത് ഭവന വിപണിക്ക് കൂടുതൽ ഉണർവേകുമെന്ന് സിഗ്നേച്ചർ ഗ്ലോബൽ സ്ഥാപകൻ പ്രദീപ് അഗർവാൾ അഭിപ്രായപ്പെട്ടു. പണപ്പെരുപ്പം കുറവായതിനാൽ പലിശനിരക്ക് വീണ്ടും കുറയ്ക്കാൻ ആർബിഐക്ക് അവസരമുണ്ട്. നിലവിൽ പല ബാങ്കുകളും 8 ശതമാനത്തിൽ താഴെ നിരക്കിൽ ഭവന വായ്പകൾ നൽകുന്നുണ്ട്. പലിശ വീണ്ടും കുറയ്ക്കുന്നത് കൂടുതൽ ആളുകളെ ഭവന വായ്പയെടുക്കാൻ പ്രേരിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Leave a Reply

error: Content is protected !!

Discover more from Indilipi

Subscribe now to keep reading and get access to the full archive.

Continue reading