
ഇലക്ട്രിക് വാഹനങ്ങൾ ഉൾപ്പെടെയുള്ള ഓട്ടോമൊബൈൽ വ്യവസായത്തിൽ നിർണായകമായ അപൂർവ-ഭൗമ കാന്തങ്ങൾക്ക് (rare-earth magnets) ചൈന കയറ്റുമതി നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതോടെ പ്രതിസന്ധിയിലായ ആഗോള വിപണിക്ക് ബദൽ മാർഗ്ഗങ്ങൾ തേടി ഇന്ത്യൻ വാഹന ഭീമനായ മഹീന്ദ്ര ആൻഡ് മഹീന്ദ്ര. അടുത്ത ഒമ്പത് മാസത്തേക്ക് മറ്റ് സ്രോതസ്സുകളിൽ നിന്ന് കാന്തങ്ങൾ സംഭരിച്ച് പ്രതിസന്ധി മറികടക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.
വാഹനങ്ങളിലും മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങളിലും ഒഴിച്ചുകൂടാനാകാത്ത ഘടകമാണ് ഈ കാന്തങ്ങൾ. ചൈനയുടെ കയറ്റുമതി നിയന്ത്രണം വന്നതോടെ ആഗോള വിതരണ ശൃംഖലയിൽ വലിയ തടസ്സങ്ങൾ നേരിട്ടിരുന്നു. ഈ വെല്ലുവിളിയെ നേരിടാൻ ദീർഘകാലത്തേക്കുള്ള തന്ത്രങ്ങൾ ആവിഷ്കരിക്കുകയാണെന്ന് മഹീന്ദ്ര ചീഫ് ഫിനാൻഷ്യൽ ഓഫീസർ അമർജ്യോതി ബറുവ പറഞ്ഞു.
ബദൽ സ്രോതസ്സുകളിൽ നിന്ന് കൂടുതൽ കാന്തങ്ങൾ സംഭരിക്കുന്നതിനൊപ്പം, എഞ്ചിനീയറിംഗ് തലത്തിലും ഇതിന് പരിഹാരം കാണാൻ ശ്രമിക്കുന്നുണ്ട്. ഇലക്ട്രിക് വാഹനങ്ങളിലും സാധാരണ വാഹനങ്ങളിലും ഈ കാന്തങ്ങളുടെ ഉപയോഗം കുറയ്ക്കുന്നതിനുള്ള ഗവേഷണങ്ങൾ പുരോഗമിക്കുകയാണ്.
മാരുതി സുസുക്കി, ഹ്യൂണ്ടായ് തുടങ്ങിയ മറ്റ് പ്രമുഖ വാഹന നിർമ്മാതാക്കളും സമാനമായ പ്രതിസന്ധി നേരിടുന്നുണ്ടെന്നും അവരും ബദൽ മാർഗ്ഗങ്ങൾ തേടുകയാണെന്നും റിപ്പോർട്ടുകളുണ്ട്.