
ന്യൂഡൽഹി: ഇന്ത്യൻ സൈന്യത്തെക്കുറിച്ച് നടത്തിയ പരാമർശങ്ങളുടെ പേരിൽ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ സുപ്രീം കോടതിയുടെ രൂക്ഷ വിമർശനം. ‘ഭാരത് ജോഡോ’ യാത്രയ്ക്കിടെ നടത്തിയ പരാമർശത്തിന്റെ പേരിലുള്ള അപകീർത്തിക്കേസ് സ്റ്റേ ചെയ്തതിനൊപ്പമാണ് കോടതിയുടെ ശക്തമായ താക്കീത്.
2000 ചതുരശ്ര കിലോമീറ്റർ ഇന്ത്യൻ ഭൂപ്രദേശം ചൈന പിടിച്ചെടുത്തുവെന്ന് രാഹുൽ ഗാന്ധിക്ക് എങ്ങനെ അറിയാമെന്ന് ജസ്റ്റിസ് ദീപാങ്കർ ദത്ത അധ്യക്ഷനായ ബെഞ്ച് ചോദിച്ചു. “നിങ്ങളൊരു യഥാർത്ഥ ഇന്ത്യക്കാരനാണെങ്കിൽ ഇത്തരം പ്രസ്താവനകൾ നടത്തില്ലായിരുന്നു,” കോടതി നിരീക്ഷിച്ചു. ഇത്തരം കാര്യങ്ങൾ പാർലമെന്റിൽ ഉന്നയിക്കുന്നതിന് പകരം എന്തിനാണ് സമൂഹമാധ്യമങ്ങളിലൂടെ പറയുന്നതെന്നും കോടതി ചോദിച്ചു.
2022-ൽ അരുണാചൽ പ്രദേശിലെ ഗൽവാൻ താഴ്വരയിലുണ്ടായ സംഘർഷത്തെക്കുറിച്ച് നടത്തിയ പരാമർശത്തിലാണ് രാഹുലിനെതിരെ മുൻ സൈനിക ഉദ്യോഗസ്ഥൻ ലഖ്നൗവിലെ കോടതിയിൽ അപകീർത്തി കേസ് ഫയൽ ചെയ്തത്. ഈ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് രാഹുൽ നൽകിയ ഹർജി അലഹബാദ് ഹൈക്കോടതി തള്ളിയിരുന്നു. ഇതിനെതിരെയാണ് അദ്ദേഹം സുപ്രീം കോടതിയെ സമീപിച്ചത്.
കേസിൽ നോട്ടീസ് അയച്ച കോടതി, മൂന്നാഴ്ചത്തേക്ക് കേസ് നടപടികൾ സ്റ്റേ ചെയ്തു.