
വാഷിംഗ്ടണിൽ നിന്ന് പറന്നുയർന്ന യുണൈറ്റഡ് എയർലൈൻസ് വിമാനം എഞ്ചിൻ തകരാറിനെ തുടർന്ന് അടിയന്തരമായി തിരിച്ചിറക്കി. ടേക്ക് ഓഫിന് ശേഷം ഏകദേശം 10,000 അടി ഉയരത്തിലെത്തിയപ്പോഴാണ് വിമാനത്തിന്റെ ഇടത് എഞ്ചിന് തകരാറുണ്ടായത്. ഇതോടെ പൈലറ്റ് ‘മേയ്ഡേ, മേയ്ഡേ’ എന്ന അടിയന്തര സഹായ സന്ദേശം എയർ ട്രാഫിക് കൺട്രോളിന് കൈമാറുകയും വിമാനം സുരക്ഷിതമായി തിരിച്ചിറക്കുകയുമായിരുന്നു.
കഴിഞ്ഞയാഴ്ചയാണ് സംഭവം. വെർജീനിയയിലെ വാഷിംഗ്ടൺ ഡള്ളസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് മ്യൂണിച്ചിലേക്ക് പോകുകയായിരുന്ന ബോയിംഗ് 787 വിമാനമാണ് അപകടത്തിൽപ്പെട്ടത്. 219 യാത്രക്കാരും 11 ജീവനക്കാരുമാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. പൈലറ്റിന്റെ സമയോചിതമായ ഇടപെടൽ വലിയൊരു ദുരന്തം ഒഴിവാക്കി.