
സംസ്ഥാനത്തെ അൺ എയ്ഡഡ് സ്കൂളുകൾക്ക് മേൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ ഒരുങ്ങി വിദ്യാഭ്യാസ വകുപ്പ്. അടുത്ത അധ്യയന വർഷം മുതൽ സിലബസ് ഏകീകരിക്കാൻ സർക്കാർ ഇടപെടമെന്നും അധ്യാപകരുടെ യോഗ്യത ഉറപ്പാക്കുമെന്നും വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി വ്യക്തമാക്കി.
അൺ എയ്ഡഡ് സ്കൂളുകളിൽ നടക്കുന്നത് വിദ്യാഭ്യാസ കച്ചവടമാണെന്നും ഒന്നാം ക്ലാസിലെ പ്രവേശന പരീക്ഷ നിയമലംഘനമാണെന്നും മന്ത്രി പറഞ്ഞു. സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങൾ മാന്യമായ ഫീസ് മാത്രമേ ഈടാക്കാവൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അധ്യാപകരുടെ വിദ്യാഭ്യാസ യോഗ്യതയും സർക്കാർ പരിശോധിക്കും.
കൂടാതെ, കുട്ടികൾ സ്കൂളുകളിലേക്ക് മൊബൈൽ ഫോൺ കൊണ്ടുവരുന്നത് നിരോധിക്കുന്ന കാര്യം സർക്കാർ ആലോചിക്കുന്നുണ്ടെന്നും മന്ത്രി അറിയിച്ചു. ഒന്നാം ക്ലാസ് മുതൽ ഒമ്പതാം ക്ലാസ് വരെ സമ്പൂർണ്ണ വിജയം നൽകുന്ന രീതിയോട് യോജിപ്പില്ലെന്നും അങ്ങനെ വരുമ്പോൾ കുട്ടികൾക്കോ അധ്യാപകർക്കോ രക്ഷിതാക്കൾക്കോ ഉത്തരവാദിത്തം ഉണ്ടാകില്ലെന്നും മന്ത്രി പറഞ്ഞു.