
റഷ്യയിൽ നിന്നും ഇറാനിൽ നിന്നും എണ്ണ വാങ്ങുന്നത് നിർത്തണമെന്ന അമേരിക്കയുടെ ആവശ്യം ചൈന തള്ളി. ഈ രാജ്യങ്ങളിൽ നിന്ന് എണ്ണ വാങ്ങുന്നത് തുടർന്നാൽ 100% വരെ താരിഫ് ചുമത്തുമെന്ന യുഎസ് ഭീഷണിയെ ചൈന ശക്തമായി എതിർത്തു. തങ്ങളുടെ ദേശീയ താൽപര്യങ്ങൾക്കനുസരിച്ച് ഊർജ്ജ സുരക്ഷ ഉറപ്പാക്കുമെന്നും സമ്മർദ്ദങ്ങൾക്കും ഭീഷണികൾക്കും വഴങ്ങില്ലെന്നും ചൈനീസ് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
ഉക്രെയ്ൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ റഷ്യയുടെ വരുമാനം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് യുഎസ് ഈ ആവശ്യം മുന്നോട്ട് വെച്ചത്. എന്നാൽ, ചൈനയുടെ പരമാധികാരത്തെയും സുരക്ഷയെയും വികസന താൽപര്യങ്ങളെയും സംരക്ഷിക്കുമെന്നും ബെയ്ജിംഗ് അറിയിച്ചു.
യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസെന്റ്, ചൈനീസ് അധികൃതരുമായി നടത്തിയ ചർച്ചകൾക്ക് ശേഷം, ചൈന അവരുടെ പരമാധികാരത്തെ ഗൗരവമായി കാണുന്നുവെന്നും അതുകൊണ്ട് തന്നെ 100% താരിഫ് അടയ്ക്കാൻ അവർ തയ്യാറാണെന്നും മാധ്യമങ്ങളോട് പറഞ്ഞു.
ചൈനയാണ് റഷ്യൻ എണ്ണയുടെ ഏറ്റവും വലിയ ഉപഭോക്താവ്. ഇന്ത്യയും തുർക്കിയുമാണ് തൊട്ടുപിന്നിൽ. യുഎസ് സമ്മർദ്ദം ചെലുത്തുമ്പോഴും റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് തുടരുമെന്ന് ഇന്ത്യയും നേരത്തെ വ്യക്തമാക്കിയിരുന്നു.