
ബെംഗളൂരുവിൽ മലയാളി വിദ്യാർഥിനിയെ ബലാത്സംഗം ചെയ്ത കേസിൽ കോഴിക്കോട് സ്വദേശിയായ സ്വകാര്യ പി.ജി. ഉടമയെ പോലീസ് അറസ്റ്റ് ചെയ്തു. താമസസ്ഥലത്തിന്റെ ഉടമയായ അഷറഫാണ് സോളദേവനഹള്ളി പോലീസിൻ്റെ പിടിയിലായത്. വിദ്യാർഥിനിയെ ബലമായി കാറിൽ കയറ്റി ആളൊഴിഞ്ഞ കെട്ടിടത്തിൽ കൊണ്ടുപോയി പീഡിപ്പിച്ചു എന്നാണ് പരാതി. സംഭവം നടന്നത് കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയാണ്.
സോളദേവനഹള്ളിയിലെ ആചാര്യ കോളേജിലെ ഒന്നാം വർഷ ബിരുദ വിദ്യാർഥിനിയാണ് പീഡനത്തിന് ഇരയായത്. കോളേജിൽ പ്രവേശനം നേടി പത്ത് ദിവസം മുൻപാണ് പെൺകുട്ടി ബെംഗളൂരുവിൽ എത്തിയത്. ഇവർ താമസിച്ചിരുന്നത് പ്രതിയായ അഷറഫിൻ്റെ ഉടമസ്ഥതയിലുള്ള പി.ജി.യിലായിരുന്നു.
കഴിഞ്ഞ വെള്ളിയാഴ്ച രാത്രി മദ്യലഹരിയിലെത്തിയ അഷറഫ്, വിദ്യാർഥിനിയുടെ മുറിയിൽ അതിക്രമിച്ചു കയറി ബലം പ്രയോഗിച്ച് കാറിലിരുത്തുകയും സമീപത്ത് നിർമ്മാണം നടക്കുന്ന മറ്റൊരു കെട്ടിടത്തിലേക്ക് കൊണ്ടുപോയി പീഡിപ്പിക്കുകയുമായിരുന്നു. ഇതിനിടെ പെൺകുട്ടി സുഹൃത്തുക്കൾക്ക് സന്ദേശമയച്ച് സഹായം അഭ്യർത്ഥിച്ചു. സുഹൃത്തുക്കൾ സംഭവസ്ഥലത്ത് എത്തിയതോടെ അഷറഫ് കാറോടിച്ച് രക്ഷപ്പെട്ടു.
വിവരമറിഞ്ഞെത്തിയ പോലീസ് നടത്തിയ അന്വേഷണത്തിൽ ശനിയാഴ്ച പുലർച്ചെയോടെ സോളദേവനഹള്ളിയിൽ വെച്ച് ഇയാളെ പിടികൂടി. ഇയാൾക്കെതിരെ മുൻപും സമാനമായ പരാതികൾ ഉയർന്നിട്ടുണ്ടെന്ന് പോലീസ് വ്യക്തമാക്കി. തന്റെ പി.ജിയിൽ താമസിക്കുന്ന മറ്റ് വിദ്യാർഥിനികളോടും ഇയാൾ മോശമായി പെരുമാറിയിരുന്നതായി പരാതിയുണ്ട്. നിലവിൽ ബലാത്സംഗക്കുറ്റം ചുമത്തിയാണ് സോളദേവനഹള്ളി പോലീസ് അഷറഫിൻ്റെ അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്. പീഡനത്തിനിരയായ വിദ്യാർഥിനിയെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.