
ശ്രീനഗർ വിമാനത്താവളത്തിൽ സ്പൈസ്ജെറ്റ് ജീവനക്കാർക്ക് നേരെ സൈനിക ഉദ്യോഗസ്ഥന്റെ ക്രൂരമായ ആക്രമണം. അധിക കാബിൻ ബാഗേജിന് പണം അടയ്ക്കാൻ ആവശ്യപ്പെട്ടതിനെ തുടർന്നാണ് മുതിർന്ന സൈനിക ഉദ്യോഗസ്ഥൻ ജീവനക്കാരെ മർദ്ദിച്ചത്. മർദ്ദനത്തിൽ ഒരു ജീവനക്കാരന് ബോധം നഷ്ടപ്പെടുകയും മറ്റുള്ളവർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു.
ജൂലൈ 26-ന് ശ്രീനഗറിൽ നിന്ന് ഡൽഹിയിലേക്കുള്ള സ്പൈസ്ജെറ്റ് വിമാനത്തിൽ (SG-386) ബോർഡിംഗ് നടക്കുന്നതിനിടെയാണ് സംഭവം. ഗുൽമാർഗിലെ ഹൈ ആൾട്ടിറ്റ്യൂഡ് വാർഫെയർ സ്കൂളിൽ പോസ്റ്റിങ്ങിലുള്ള ലഫ്റ്റനന്റ് കേണൽ റാങ്കിലുള്ള ഉദ്യോഗസ്ഥനാണ് അക്രമം നടത്തിയത്. കാബിൻ ബാഗേജ് പരിധി കവിഞ്ഞതിനാൽ അധിക പണം നൽകണമെന്ന് ജീവനക്കാർ അറിയിച്ചപ്പോൾ ഉദ്യോഗസ്ഥൻ പ്രകോപിതനാവുകയും ജീവനക്കാരെ ആക്രമിക്കുകയുമായിരുന്നു എന്ന് സ്പൈസ്ജെറ്റ് ഔദ്യോഗിക പ്രസ്താവനയിൽ അറിയിച്ചു.
ആക്രമണത്തിൽ നാല് ജീവനക്കാർക്ക് പരിക്കേറ്റു. ഒരാളുടെ ബോധം നഷ്ടപ്പെട്ടപ്പോൾ, മറ്റൊരാൾക്ക് നട്ടെല്ലിന് പൊട്ടലുണ്ടാവുകയും വേറൊരാളുടെ താടിയെല്ലിന് ക്ഷതമേൽക്കുകയും ചെയ്തു. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചതോടെ വലിയ ജനരോഷമാണ് ഉയർന്നത്.
സംഭവത്തിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും ഉദ്യോഗസ്ഥന് വിമാനയാത്രാ വിലക്ക് ഏർപ്പെടുത്തുമെന്നും സ്പൈസ്ജെറ്റ് അറിയിച്ചു. “ഈ ക്രൂരമായ ആക്രമണത്തെ ശക്തമായി അപലപിക്കുന്നു. ഞങ്ങൾ അധികാരികളുമായി സഹകരിക്കുകയും കർശനമായ നിയമനടപടി സ്വീകരിക്കുകയും ചെയ്യും,” പ്രസ്താവനയിൽ പറയുന്നു.