
കൊച്ചി: വിവാഹവാഗ്ദാനം നൽകി യുവഡോക്ടറെ ബലാത്സംഗം ചെയ്തുവെന്ന കേസിൽ പ്രതിയായ റാപ്പർ വേടൻ എന്ന ഹിരൺദാസ് മുരളി ഒളിവിൽ. ഇയാൾക്കായി പോലീസ് തിരച്ചിൽ ഊർജിതമാക്കി. തൃശ്ശൂരിലെ വീട്ടിൽ പോലീസ് എത്തിയെങ്കിലും ഹിരൺദാസിനെ കണ്ടെത്താനായില്ല. കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെ ഇയാൾ ഒളിവിൽ പോയെന്നാണ് സൂചന.
അതേസമയം, വേടൻ ബലാത്സംഗക്കേസിൽ മുൻകൂർ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചു. കോട്ടയം സ്വദേശിനിയായ യുവഡോക്ടറുടെ പരാതിയിലാണ് തൃക്കാക്കര പോലീസ് ഹിരൺദാസിനെതിരെ ഇന്ത്യൻ ശിക്ഷാ നിയമം 376-ാം വകുപ്പ് പ്രകാരം കേസെടുത്തത്. 2021 മുതൽ 2023 വരെയുള്ള കാലയളവിൽ തൃക്കാക്കരയിലെയും മറ്റ് സ്ഥലങ്ങളിലെയും ഫ്ലാറ്റുകളിൽ വെച്ച് വിവാഹ വാഗ്ദാനം നൽകി പലതവണ പീഡിപ്പിച്ചു എന്നാണ് പരാതി. ശാരീരികമായും മാനസികമായും സാമ്പത്തികമായും ചൂഷണം ചെയ്തതായും യുവതിയുടെ പരാതിയിൽ പറയുന്നു.
തനിക്കെതിരായ ആരോപണങ്ങൾ ഗൂഢാലോചനയുടെ ഭാഗമാണെന്നും തന്നെ അപകീർത്തിപ്പെടുത്തി പണം തട്ടാനാണ് ശ്രമമെന്നും വേടൻ ജാമ്യാപേക്ഷയിൽ ആരോപിക്കുന്നു. പരാതിക്കാരിയുമായുള്ള ബന്ധം ഉഭയസമ്മതപ്രകാരമുള്ളതായിരുന്നുവെന്നും വ്യക്തിപരമായ പ്രശ്നങ്ങളെ തുടർന്നാണ് ഇപ്പോൾ പരാതി നൽകിയിരിക്കുന്നതെന്നും ഹർജിയിലുണ്ട്. അന്വേഷണവുമായി പൂർണമായി സഹകരിക്കാൻ തയ്യാറാണെന്നും അതിനാൽ കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ട ആവശ്യമില്ലെന്നും വേടൻ കോടതിയെ അറിയിച്ചു.