കോതമംഗലത്ത് യുവാവിനെ വിഷം നൽകി കൊന്ന സംഭവം: കൂടുതൽ വിവരങ്ങൾ പുറത്ത്

കോതമംഗലം: സാമ്പത്തിക തർക്കങ്ങളെയും ബന്ധത്തിലെ ഉലച്ചിലുകളെയും തുടർന്ന് കാമുകി ശീതളപാനീയത്തിൽ കളനാശിനി കലർത്തി നൽകിയ യുവാവ് മരിച്ച സംഭവത്തിൽ അന്വേഷണം പുരോഗമിക്കുന്നു. ചേലാട് സ്വദേശിനി അദീന (30) നൽകിയ വിഷം ഉള്ളിൽ ചെന്നാണ് മേലേത്തുമണ്ണിൽ അൻസിൽ (38) മരിച്ചതെന്ന് പൊലീസ് സ്ഥിരീകരിച്ചു. സംഭവത്തിൽ കൊലക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്ത അദീനയെ റിമാൻഡ് ചെയ്തു.

നിർണായകമായത് മരണമൊഴി

ബുധനാഴ്ച പുലർച്ചെ അദീനയുടെ വീട്ടിൽ അബോധാവസ്ഥയിൽ കണ്ടെത്തിയ അൻസിലിനെ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് കേസിൽ നിർണായകമായ വെളിപ്പെടുത്തലുണ്ടായത്. “അവൾ എന്നെ ചതിച്ചു” എന്ന് അൻസിൽ ബന്ധുവിനോട് പറഞ്ഞിരുന്നു. ഇതാണ് കൊലപാതകത്തിന്റെ ചുരുളഴിയാൻ കാരണമായത്. ആദ്യം അൻസിൽ ആത്മഹത്യയ്ക്ക് ശ്രമിച്ചു എന്നായിരുന്നു അദീന പൊലീസിനോടും ബന്ധുക്കളോടും പറഞ്ഞിരുന്നത്. എന്നാൽ, അൻസിലിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ ബന്ധുക്കൾ നൽകിയ പരാതിയെ തുടർന്നാണ് പൊലീസ് വധശ്രമത്തിന് കേസെടുത്തത്. വ്യാഴാഴ്ച രാത്രിയോടെ അൻസിൽ ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ച് മരണത്തിന് കീഴടങ്ങി.

ആസൂത്രിത കൊലപാതകം

ഒരു വർഷത്തിലേറെയായി അൻസിലും അവിവാഹിതയായ അദീനയും തമ്മിൽ അടുപ്പത്തിലായിരുന്നു. വിവാഹിതനായിരുന്നു അൻസിൽ. ഇവർ തമ്മിൽ സാമ്പത്തിക ഇടപാടുകളെച്ചൊല്ലി വഴക്ക് പതിവായിരുന്നു. മുൻപ് അൻസിൽ മർദിച്ചതായി കാണിച്ച് അദീന നൽകിയ പരാതി അടുത്തിടെ പിൻവലിച്ചിരുന്നു. ഒത്തുതീർപ്പ് പ്രകാരമുള്ള പണം അൻസിൽ നൽകാതിരുന്നതിനെ തുടർന്നുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് അദീന പൊലീസിന് മൊഴി നൽകി.

ഒറ്റയ്ക്ക് താമസിക്കുന്ന അദീന, അൻസിലിനെ വീട്ടിലേക്ക് വിളിച്ചുവരുത്തി കുടിക്കാൻ വെള്ളം ചോദിച്ചപ്പോൾ ഡിസ്പോസിബിൾ ഗ്ലാസിൽ ശീതളപാനീയത്തിൽ കളനാശിനി കലർത്തി നൽകുകയായിരുന്നു. സംഭവത്തിന് ശേഷം അൻസിലിന്റെ ഫോണിലെ വിവരങ്ങൾ അദീന നശിപ്പിച്ചതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

അന്വേഷണം തുടരുന്നു

ചേലാട്ടുള്ള അദീനയുടെ വീട്ടിൽ പൊലീസ് വിശദമായ പരിശോധന നടത്തി. യുവതിക്ക് മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. പ്രതിയെ കസ്റ്റഡിയിൽ വാങ്ങി കൂടുതൽ ചോദ്യം ചെയ്യാനാണ് പൊലീസിന്റെ നീക്കം. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ മരണകാരണം പാരാക്വാറ്റ് എന്ന കളനാശിനിയാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്

Leave a Reply

error: Content is protected !!

Discover more from Indilipi

Subscribe now to keep reading and get access to the full archive.

Continue reading