
കൊച്ചി: പ്രശസ്ത ചലച്ചിത്ര നടനും മിമിക്രി കലാകാരനുമായ കലാഭവൻ നവാസിനെ (51) ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. ‘പ്രകമ്പനം’ എന്ന സിനിമയുടെ ചിത്രീകരണം പൂർത്തിയാക്കിയ ശേഷം ചോറ്റാനിക്കരയിലെ ഹോട്ടൽ മുറിയിൽ വിശ്രമിക്കുകയായിരുന്നു അദ്ദേഹം.
ഏറെ നേരമായിട്ടും നവാസിനെ പുറത്തുകാണാത്തതിനെ തുടർന്ന് ഹോട്ടൽ ജീവനക്കാർ മുറിയിൽ നടത്തിയ പരിശോധനയിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഹൃദയാഘാതമാണ് മരണകാരണമെന്ന് അദ്ദേഹത്തിന്റെ അടുത്ത സുഹൃത്ത് കെ.എസ്. പ്രസാദ് മാധ്യമങ്ങളെ അറിയിച്ചു. വിവരമറിഞ്ഞെത്തിയ പോലീസ് മൃതദേഹം സമീപത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
ഒരു ഇടവേളയ്ക്ക് ശേഷം സിനിമയിൽ വീണ്ടും സജീവമായി വരുന്നതിനിടെയാണ് നവാസിന്റെ അപ്രതീക്ഷിത വിയോഗം. അന്തരിച്ച നടൻ അബൂബക്കറിന്റെ മകനാണ്. ചലച്ചിത്ര നടി രഹനയാണ് ഭാര്യ.