
ന്യൂഡൽഹി: 2023-ലെ 71-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച നടനുള്ള പുരസ്കാരം ‘ജവാനി’ലെ പ്രകടനത്തിന് ഷാരൂഖ് ഖാനും ’12th ഫെയിലി’ലെ പ്രകടനത്തിന് വിക്രാന്ത് മാസിയും പങ്കിട്ടു. ‘മിസിസ് ചാറ്റർജി വേഴ്സസ് നോർവേ’ എന്ന ചിത്രത്തിലെ അഭിനയത്തിന് റാണി മുഖർജിയാണ് മികച്ച നടി. വിധു വിനോദ് ചോപ്രയുടെ ’12th ഫെയിൽ’ മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടു.
മലയാള സിനിമയ്ക്കും ഇത്തവണ പുരസ്കാര നിറവുണ്ട്. ‘ഉള്ളൊഴുക്ക്’ മികച്ച മലയാള ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടു. ‘പൂക്കാലം’ എന്ന ചിത്രത്തിലെ അഭിനയത്തിന് വിജയരാഘവനും ‘ഉള്ളൊഴുക്കി’ലൂടെ ഉർവശിയും മികച്ച സഹനടനുള്ള പുരസ്കാരങ്ങൾ സ്വന്തമാക്കി. ‘2018’ എന്ന ചിത്രത്തിന് മോഹൻദാസ് മികച്ച പ്രൊഡക്ഷൻ ഡിസൈനർക്കുള്ള പുരസ്കാരം നേടിയപ്പോൾ, ‘പൂക്കാല’ത്തിലൂടെ മിഥുൻ മുരളി മികച്ച എഡിറ്ററായി.
‘ദ കേരള സ്റ്റോറി’ ഒരുക്കിയ സുദീപ്തോ സെൻ ആണ് മികച്ച സംവിധായകൻ. മികച്ച ജനപ്രിയ ചിത്രമായി ‘റോക്കി ഓർ റാണി കി പ്രേം കഹാനി’ തിരഞ്ഞെടുക്കപ്പെട്ടു. ‘അനിമൽ’ എന്ന ചിത്രത്തിലെ പശ്ചാത്തല സംഗീതത്തിന് ഹർഷവർദ്ധൻ രാമേശ്വർ പുരസ്കാരം നേടി.