
ഇംഗ്ലണ്ടിനെതിരായ അവസാന ടെസ്റ്റിൽ നിന്ന് സ്പിന്നർ കുൽദീപ് യാദവിനെ ഒഴിവാക്കിയ ഇന്ത്യൻ ടീം മാനേജ്മെന്റിന്റെ തീരുമാനത്തിനെതിരെ രൂക്ഷ വിമർശനവുമായി മുൻ ഇന്ത്യൻ നായകൻ സൗരവ് ഗാംഗുലി. ഇംഗ്ലണ്ടിന്റെ 20 വിക്കറ്റുകൾ വീഴ്ത്താൻ ഇന്ത്യ പ്രയാസപ്പെടുമ്പോൾ കുൽദീപിനെപ്പോലൊരു കളിക്കാരനെ പുറത്തിരുത്തിയത് തെറ്റായ തീരുമാനമാണെന്ന് ഗാംഗുലി പറഞ്ഞു.
“ഇടംകൈയൻ സ്പിന്നർ കുൽദീപ് യാദവിനെ ഇന്ത്യ ടീമിൽ ഉൾപ്പെടുത്തണമായിരുന്നു. ടെസ്റ്റിന്റെ നാലും അഞ്ചും ദിവസങ്ങളിൽ കളിയുടെ ഗതി നിർണ്ണയിക്കാൻ കുൽദീപിന് കഴിയുമായിരുന്നു,” ഗാംഗുലി വ്യക്തമാക്കി. മാഞ്ചസ്റ്റർ, ലോർഡ്സ്, ബർമിംഗ്ഹാം എന്നിവിടങ്ങളിലും കുൽദീപിനെ കളിപ്പിക്കേണ്ടതായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പരമ്പരയിലെ ഒരു മത്സരം പോലും കളിക്കാൻ കുൽദീപിന് അവസരം ലഭിച്ചിരുന്നില്ല.
അവസാന ടെസ്റ്റിനായി ഇന്ത്യ ടീമിൽ നാല് മാറ്റങ്ങൾ വരുത്തിയിരുന്നു. ജസ്പ്രീത് ബുമ്രക്ക് വിശ്രമം അനുവദിച്ചപ്പോൾ കരുൺ നായർ, ധ്രുവ് ജുറൽ, ആകാശ് ദീപ്, പ്രസിദ്ധ് കൃഷ്ണ എന്നിവർ ടീമിലെത്തി.