
യൂട്യൂബ് ലോകത്തെ ചോദ്യം ചെയ്യാനാവാത്ത രാജാവാണ് ഇന്ന് മിസ്റ്റർ ബീസ്റ്റ് എന്നറിയപ്പെടുന്ന ജിമ്മി ഡൊണാൾഡ്സൺ. 40 കോടിയിലധികം സബ്സ്ക്രൈബർമാരുമായി ലോകത്തിലെ ഏറ്റവും വലിയ യൂട്യൂബറായി മാറിയ ഈ 26-കാരൻ, കാഴ്ചക്കാരെ അമ്പരപ്പിക്കുന്ന വീഡിയോകളിലൂടെയും കോടികൾ വിലമതിക്കുന്ന സമ്മാനങ്ങളിലൂടെയുമാണ് പ്രശസ്തനായത്.
പതിമൂന്നാം വയസ്സിൽ തുടങ്ങിയ യൂട്യൂബ് യാത്ര ഇന്ന് ജിമ്മിയെ എത്തിച്ചിരിക്കുന്നത് കോടികളുടെ ആസ്തിയുള്ള ഒരു ബിസിനസ് സാമ്രാജ്യത്തിലേക്കാണ്. കാറുകൾ, സ്വകാര്യ ദ്വീപുകൾ, കോടിക്കണക്കിന് പണം എന്നിവയെല്ലാം തന്റെ വീഡിയോകളിലൂടെ അദ്ദേഹം സമ്മാനമായി നൽകുന്നു. കണക്കുകൾ പ്രകാരം, ജിമ്മിയുടെ വാർഷിക വരുമാനം 5,800 കോടി രൂപയ്ക്ക് മുകളിലാണ്.
വീഡിയോ നിർമ്മാണത്തിൽ നിന്ന് ലഭിക്കുന്ന പണം കൂടുതൽ മികച്ച ഉള്ളടക്കം നിർമ്മിക്കുന്നതിനും ജീവകാരുണ്യ പ്രവർത്തനങ്ങൾക്കുമായാണ് ജിമ്മി പ്രധാനമായും ഉപയോഗിക്കുന്നത്. ‘ബീസ്റ്റ് ഫിലാന്ത്രോപ്പി’ എന്ന പേരിൽ ഒരു ചാരിറ്റി സംഘടന തന്നെ അദ്ദേഹത്തിനുണ്ട്. കൂടാതെ ‘ഫീസ്റ്റബിൾസ്’ എന്ന ചോക്ലേറ്റ് ബ്രാൻഡും ‘മിസ്റ്റർ ബീസ്റ്റ് ബർഗർ’ എന്ന ഫാസ്റ്റ് ഫുഡ് ശൃംഖലയും ജിമ്മിയുടെ ഉടമസ്ഥതയിലുണ്ട്. ഉള്ളടക്കത്തിലെ പുതുമയും സാമൂഹിക പ്രതിബദ്ധതയുമാണ് മിസ്റ്റർ ബീസ്റ്റിനെ യൂട്യൂബിലെ ഏറ്റവും വലിയ താരമാക്കി മാറ്റുന്നത്.