
അമേരിക്കയിൽ ടെക്സസ് മുതൽ കാൻസസ് വരെ 892 കിലോമീറ്റർ ദൂരത്തിൽ പടർന്ന കൂറ്റൻ മിന്നൽപ്പിണർ പുതിയ ലോക റെക്കോർഡ് സ്വന്തമാക്കി. ലോക കാലാവസ്ഥാ സംഘടനയാണ് (WMO) ഈ റെക്കോർഡ് ഔദ്യോഗികമായി സ്ഥിരീകരിച്ചത്. കേരളത്തിന്റെ ഒരറ്റം മുതൽ മറ്റേ അറ്റം വരെയുള്ളതിനേക്കാൾ ദൈർഘ്യമുള്ള ഈ മിന്നൽ ശാസ്ത്രലോകത്തെത്തന്നെ അത്ഭുതപ്പെടുത്തിയിരിക്കുകയാണ്.
2017-ലാണ് ഈ പ്രതിഭാസം സംഭവിച്ചതെങ്കിലും, ഉപഗ്രഹങ്ങളിൽ നിന്നുള്ള ഡാറ്റകൾ വിശദമായി വിശകലനം ചെയ്താണ് ഇപ്പോൾ റെക്കോർഡ് ഔദ്യോഗികമായി പ്രഖ്യാപിച്ചത്. 2020-ൽ അമേരിക്കയിൽത്തന്നെ രേഖപ്പെടുത്തിയ 768 കിലോമീറ്റർ നീളമുള്ള മിന്നലിന്റെ റെക്കോർഡാണ് ഇതോടെ പഴങ്കഥയായത്.
സാധാരണയായി 10 മൈലിൽ താഴെ മാത്രം നീളമുണ്ടാകുന്ന മിന്നലുകളിൽ നിന്ന് വ്യത്യസ്തമായി, 100 കിലോമീറ്ററിൽ കൂടുതൽ ദൈർഘ്യമുള്ള ഇത്തരം പ്രതിഭാസങ്ങളെ ‘മെഗാഫ്ലാഷ്’ എന്നാണ് വിളിക്കുന്നത്. ഇവ വളരെ അപൂർവ്വമാണ്. ഉപഗ്രഹ സാങ്കേതികവിദ്യയുടെ സഹായത്തോടെയാണ് ഇത്തരം ഭീമൻ മിന്നലുകളെ ട്രാക്ക് ചെയ്യുന്നതും അവയുടെ ദൈർഘ്യം അളക്കുന്നതും. മെഗാഫ്ലാഷുകൾ എങ്ങനെ രൂപപ്പെടുന്നു എന്നതിനെക്കുറിച്ച് ഗവേഷകർ പഠനം തുടരുകയാണ്.