
രാജ്യത്തെ നടുക്കിയ വെളിപ്പെടുത്തലുകൾക്ക് പിന്നാലെ ധർമ്മസ്ഥലയിൽ നടത്തിയ തിരച്ചിലിൽ നിർണായക തെളിവുകൾ കണ്ടെത്തി. ശുചീകരണ തൊഴിലാളി വെളിപ്പെടുത്തിയ സ്ഥലങ്ങളിൽ പ്രത്യേക അന്വേഷണ സംഘം നടത്തിയ പരിശോധനയിലാണ് ഭാഗികമായ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തിയത്. തൊഴിലാളി ചൂണ്ടിക്കാണിച്ച ആറാമത്തെ സൈറ്റിൽ നിന്നാണ് കേസിൽ വഴിത്തിരിവായേക്കാവുന്ന ഈ തെളിവ് ലഭിച്ചത്.
1998 മുതൽ 2014 വരെയുള്ള കാലയളവിൽ ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട നിരവധി പേരുടെ മൃതദേഹങ്ങൾ താൻ കുഴിച്ചിട്ടിട്ടുണ്ടെന്നായിരുന്നു ശുചീകരണ തൊഴിലാളിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ. ഇതിന്റെ അടിസ്ഥാനത്തിൽ ഫോറൻസിക് വിദഗ്ധരുടെ സഹായത്തോടെയാണ് പ്രത്യേക അന്വേഷണ സംഘം പരിശോധന നടത്തിയത്. കണ്ടെത്തിയ അസ്ഥികൂടത്തിന് ചില ഭാഗങ്ങൾ നഷ്ടപ്പെട്ടിട്ടുണ്ട്.
തുടർപരിശോധനകൾക്കായി ഫോറൻസിക് സംഘം അസ്ഥികൂടത്തിന്റെ ഭാഗങ്ങൾ ശേഖരിച്ചു. വിശദമായ പരിശോധനയിലൂടെ മരിച്ച വ്യക്തിയുടെ പ്രായം, മരണ കാരണം, എത്ര കാലം മുൻപാണ് മൃതദേഹം കുഴിച്ചിട്ടത് തുടങ്ങിയ വിവരങ്ങൾ കണ്ടെത്താനാകുമെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രതീക്ഷ. കഴിഞ്ഞ ദിവസങ്ങളിൽ തൊഴിലാളി പറഞ്ഞ മറ്റ് അഞ്ച് സ്ഥലങ്ങളിൽ തിരച്ചിൽ നടത്തിയിരുന്നെങ്കിലും ഒന്നും കണ്ടെത്താനായിരുന്നില്ല.