10 ലക്ഷത്തിൽ താഴെ വിലയിൽ മൂന്ന് പുതിയ എസ്യുവികളുമായി ടാറ്റ; വിപണി പിടിക്കാൻ പുത്തൻ മോഡലുകൾ

പത്ത് ലക്ഷം രൂപയിൽ താഴെ വിലയിൽ സ്റ്റൈലിഷ് ആയ ഒരു എസ്യുവി വാങ്ങാൻ പ്ലാനുള്ളവർക്ക് സന്തോഷവാർത്തയുമായി ടാറ്റ മോട്ടോഴ്സ്. അടുത്ത 24 മാസത്തിനുള്ളിൽ, ബജറ്റ് സൗഹൃദവും മികച്ച ഫീച്ചറുകളോടും കൂടിയ മൂന്ന് പുതിയ കോംപാക്ട് എസ്യുവികൾ വിപണിയിലിറക്കാൻ കമ്പനി ഒരുങ്ങുന്നു. ടാറ്റ സ്കാർലറ്റ്, പുതുതലമുറ നെക്സോൺ, പഞ്ച് ഫെയ്സ്ലിഫ്റ്റ് എന്നിവയാണ് ഈ നിരയിലെ താരങ്ങൾ.

1. ടാറ്റ സ്കാർലറ്റ്
ഇതൊരു പൂർണ്ണമായും പുതിയ മോഡലായിരിക്കും. ടാറ്റ സിയറ എസ്യുവിയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട ഡിസൈനായിരിക്കും ഇതിന്. കർവ്വ് ഐസിഇ പ്ലാറ്റ്ഫോമിൽ നിർമ്മിക്കുന്ന ഈ വാഹനത്തിന് പെട്രോൾ, ഡീസൽ എഞ്ചിൻ ഓപ്ഷനുകൾ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. ഭാവിയിൽ ഇതിന്റെ ഒരു ഇലക്ട്രിക് പതിപ്പും എത്തിയേക്കാം. ഇതിന്റെ പ്രാരംഭ വില 10 ലക്ഷം രൂപയിൽ താഴെയായിരിക്കുമെന്നാണ് റിപ്പോർട്ടുകൾ.

2. പുതുതലമുറ ടാറ്റ നെക്സോൺ
‘ഗരുഡ്’ എന്ന രഹസ്യനാമത്തിൽ ഒരുങ്ങുന്ന പുതുതലമുറ നെക്സോൺ, നിലവിലെ X1 പ്ലാറ്റ്ഫോമിന്റെ പരിഷ്കരിച്ച പതിപ്പിലായിരിക്കും എത്തുക. പുറംമോടിയിലും ഇന്റീരിയറിലും സുരക്ഷാ ഫീച്ചറുകളിലും വലിയ മാറ്റങ്ങൾ പ്രതീക്ഷിക്കാം. പനോരമിക് സൺറൂഫ്, ലെവൽ 2 എഡാസ് (ADAS) തുടങ്ങിയ ഹൈ-ടെക് ഫീച്ചറുകൾ വാഹനത്തിലുണ്ടാകും. നിലവിലെ 1.2 ലിറ്റർ പെട്രോൾ, 1.5 ലിറ്റർ ഡീസൽ എഞ്ചിൻ ഓപ്ഷനുകൾ തന്നെയായിരിക്കും ഇതിനും കരുത്തേകുക. അടിസ്ഥാന വേരിയന്റിന് 10 ലക്ഷത്തിൽ താഴെയായിരിക്കും വില പ്രതീക്ഷിക്കുന്നത്.

3. ടാറ്റ പഞ്ച് ഫെയ്സ്ലിഫ്റ്റ്
ഇന്ത്യയിലെ ഏറ്റവും താങ്ങാനാവുന്ന എസ്യുവികളിലൊന്നായ പഞ്ചിന്റെ ഫെയ്സ്ലിഫ്റ്റ് പതിപ്പും ടാറ്റയുടെ അണിയറയിൽ ഒരുങ്ങുന്നുണ്ട്. പരീക്ഷണ ഓട്ടത്തിലുള്ള ഈ മോഡൽ, പഞ്ച് ഇവിയിൽ നിന്നുള്ള ഡിസൈൻ ഘടകങ്ങൾ സ്വീകരിക്കാൻ സാധ്യതയുണ്ട്. പുതുക്കിയ ഹെഡ്ലാമ്പ്, ഗ്രിൽ, പുതിയ ടച്ച്സ്ക്രീൻ, മെച്ചപ്പെട്ട ഇന്റീരിയർ എന്നിവ പ്രതീക്ഷിക്കാം. 1.2 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിനായിരിക്കും വാഹനത്തിന്. ഇതിന്റെ പ്രാരംഭ വില ഏകദേശം 6 ലക്ഷം മുതൽ 7 ലക്ഷം രൂപ വരെയാകാം.

Leave a Reply

error: Content is protected !!

Discover more from Indilipi

Subscribe now to keep reading and get access to the full archive.

Continue reading