
ദുബായ്: വരാനിരിക്കുന്ന ഏഷ്യാ കപ്പിൽ കളിക്കാൻ കഴിയുമെന്ന പ്രതീക്ഷ പങ്കുവെച്ച് ഇന്ത്യൻ ക്രിക്കറ്റ് താരം സഞ്ജു സാംസൺ. ദുബായിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ദുബായിൽ കളിക്കാൻ അവസരം ലഭിക്കുന്നത് ആവേശത്തോടെയാണ് കാണുന്നതെന്നും ആ ദിവസത്തിനായി കാത്തിരിക്കുകയാണെന്നും സഞ്ജു പറഞ്ഞു. മുൻപ് ദുബായിൽ കളിച്ചപ്പോൾ ആരാധകരിൽ നിന്ന് വലിയ പിന്തുണയാണ് ലഭിച്ചതെന്നും അദ്ദേഹം ഓർമ്മിച്ചു.
ഈ വർഷത്തെ ഏഷ്യാ കപ്പ് ടി20 ഫോർമാറ്റിലാണ് നടക്കുന്നത്. യു.എ.ഇ വേദിയാകുന്ന ടൂർണമെന്റ് സെപ്റ്റംബർ 9-ന് ആരംഭിച്ച് 28-ന് ഫൈനലോടെ സമാപിക്കും. ഇന്ത്യയും പാകിസ്താനും ഒരേ ഗ്രൂപ്പിലാണ് ഇത്തവണ മത്സരിക്കുന്നത്. യു.എ.ഇ, ഒമാൻ എന്നിവരാണ് ഗ്രൂപ്പിലെ മറ്റ് ടീമുകൾ.
സൂര്യകുമാർ യാദവിന്റെ നേതൃത്വത്തിൽ ശക്തമായ ഒരു ടീമിനെയാകും ഇന്ത്യ ഏഷ്യാ കപ്പിൽ അണിനിരത്തുക. അജിത് അഗാർക്കറുടെ നേതൃത്വത്തിലുള്ള സെലക്ഷൻ കമ്മിറ്റി ഉടൻ തന്നെ ഇന്ത്യൻ ടീമിനെ പ്രഖ്യാപിക്കും.