
തൃശ്ശൂർ: ഇരിങ്ങാലക്കുടയിൽ ഗർഭിണിയായ യുവതിയെ ഭർതൃഗൃഹത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. കാരുമാത്ര സ്വദേശിനിയായ ഫസീലയാണ് (23) മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് യുവതിയുടെ ഭർത്താവ് നൗഫലിനെ (29) പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ഭർതൃവീടിന്റെ ടെറസിൽ തൂങ്ങിമരിച്ച നിലയിലായിരുന്നു ഫസീലയുടെ മൃതദേഹം. ഒന്നര വർഷം മുൻപായിരുന്നു ഇവരുടെ വിവാഹം. ഒരു കാർഡ് ബോർഡ് കമ്പനിയിലെ ജീവനക്കാരനാണ് നൗഫൽ. ദമ്പതികൾക്ക് ഒരു കുട്ടിയുണ്ട്. ഫസീല രണ്ടാമതും ഗർഭിണിയായിരിക്കെയാണ് ഈ ദാരുണമായ സംഭവം നടന്നത്.
ഭർത്താവിൽ നിന്നുള്ള ക്രൂരമായ പീഡനം മൂലമാണ് ഫസീല ആത്മഹത്യ ചെയ്തതെന്ന് ബന്ധുക്കൾ ആരോപിച്ചു. നൗഫൽ ഏറെക്കാലമായി ഫസീലയെ ശാരീരികമായി ഉപദ്രവിക്കാറുണ്ടായിരുന്നു. ഗർഭിണിയായിരിക്കെ പോലും നൗഫൽ ഫസീലയെ മർദ്ദിച്ചിരുന്നതായും ബന്ധുക്കൾ പറയുന്നു. ഭർത്താവിന്റെ ക്രൂരമർദ്ദനത്തെക്കുറിച്ച് മരണത്തിന് മുൻപ് ഫസീല തന്റെ ഉമ്മയ്ക്ക് അയച്ച വാട്സ്ആപ്പ് സന്ദേശങ്ങളും ഇപ്പോൾ പുറത്തുവന്നിട്ടുണ്ട്.